വിജയ് മുസ്ലീങ്ങളെ അപമാനിച്ചു; മദ്യപാനികളും റൗഡികളും തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികളാണ് ഇഫ്താറില്‍ പങ്കെടുത്തത്; നടനെതിരെ പരാതി നല്‍കി സുന്നത്ത് ജമാഅത്ത്

Update: 2025-03-11 11:37 GMT

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. വിജയ് മുസ്ലീങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് തമിഴ്നാട് സുന്നത് ജമാഅത്ത് നടനെതിരെ പരാതി നല്‍കി. മദ്യപാനികളും റൗഡികളും തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികള്‍ ഇഫ്താറില്‍ പങ്കെടുത്തെന്ന് പറഞ്ഞാണ് ചെന്നൈ പൊലീസ് കമീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

സൗഹാര്‍ദം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഇഫ്താര്‍ സമൂഹത്തെ മുറിവേല്‍പ്പിച്ചു. ഇതില്‍ ഖേദം പ്രകടിപ്പിക്കാത്ത നടന്റെ നടപടി മതവികാരങ്ങളോടുള്ള ബഹുമാനത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്. ആളുകളോട് അനാദരവോടെയാണ് വിജയ് പെരുമാറിയത്. പ്രാദേശികമായ അറിവില്ലാത്ത വിദേശ സുരക്ഷാ ഗാര്‍ഡുകളെയാണ് പരിപാടി നിയന്ത്രിക്കാന്‍ ഏല്‍പ്പിച്ചത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനടപടി അനിവാര്യമാണ് എന്നാണ് സുന്നത്ത് ജമാഅത്ത് പരാതിയില്‍ പറയുന്നത്. വിജയ് വെള്ളത്തൊപ്പിയും വസ്ത്രവും അണിഞ്ഞ് നോമ്പ് തുറയ്ക്കെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂവായിരത്തോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തതായാണ് വിവരം. പതിനഞ്ചോളം പള്ളികളിലെ ഇമാമുമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ജനനായകന്‍ എന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നടന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാനത്തെ സിനിമയാണ്. 2026 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. ഛായാഗ്രഹണം സത്യന്‍ സൂര്യനും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Tags:    

Similar News