പൃഥ്വിരാജിനെ 'ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവ്' എന്ന് ചിത്രീകരിക്കുന്നു; വിലായത്ത് ബുദ്ധക്കുനേരെ വിദ്വേഷ പ്രചാരണം; യൂട്യൂബ് ചാനലിനെതിരെ പരാതി

Update: 2025-11-25 17:03 GMT

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി നിർമ്മാതാവ് സന്ദീപ് സേനൻ. ചിത്രത്തെ ലക്ഷ്യമിട്ട്, 'റിവ്യൂ' എന്ന വ്യാജേന വർഗീയവും രാഷ്ട്രീയപരവുമായ വിദ്വേഷം പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും സിറ്റി സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുള്ളത്. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന ചാനലിനെതിരെയാണ് പരാതി.

ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യുടെ ഉള്ളടക്കം വളച്ചൊടിച്ച്, സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിന് കളങ്കം വരുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചു എന്നാണ് സന്ദീപ് സേനൻ്റെ പ്രധാന ആരോപണം. വീഡിയോയിൽ, നായകൻ പൃഥ്വിരാജിനെ 'ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവ്' എന്ന് ചിത്രീകരിക്കുകയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾ മൂലമാണ് ചിത്രത്തെ പ്രേക്ഷകർ തഴഞ്ഞതെന്ന് പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് സൈബർ ഭീകരതയുടെ രൂപമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം 40 കോടിയോളം രൂപ മുതൽ മുടക്കിയ സിനിമക്കെതിരെ റിലീസായി 48 മണിക്കൂറിനുള്ളിൽ വ്യാജ റിവ്യൂകളും സൈബർ ആക്രമണങ്ങളും നടന്നത് കോടികളുടെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയെന്നും നിർമ്മാതാവ് ആരോപിക്കുന്നു. ജി.ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തിയിട്ടുമുണ്ട്.

Tags:    

Similar News