ആഗോള ബോക്സ് ഓഫീസിൽ 300 കോടി കടന്ന് 'കൂലി'; രജനികാന്ത് ചിത്രത്തിന് നാലാം ദിനം കളക്ഷനിൽ ഇടിവ്

Update: 2025-08-18 12:18 GMT

ചെന്നൈ: 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച രജനികാന്ത് ചിത്രം 'കൂലി'ക്ക് ആദ്യ ഞായറാഴ്ച കളക്ഷനിൽ ഇടിവ്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 300 കൂടി രൂപ നേടിയത്. എന്നാൽ നാലാം ദിവസമായ ഞായറാഴ്ച കളക്ഷനിൽ കുറവുണ്ടായതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പോടെയാണ് തീയറ്ററുകളിൽ എത്തിയത്.

പ്രമുഖ ട്രാക്കിംഗ് സ്ഥാപനമായ സിനിട്രാക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച 73 കോടി രൂപ നേടിയ ചിത്രം ഞായറാഴ്ച ആഗോള ബോക്സ് ഓഫീസിൽ നിന്ന് 59 കോടി രൂപയാണ് സമാഹരിച്ചത്. ഇത് ഏകദേശം 20 ശതമാനത്തിന്‍റെ ഇടിവാണ് സൂചിപ്പിക്കുന്നത്. ഇവരുടെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ നാല് ദിവസത്തെ ആഗോള കളക്ഷൻ 374 കോടി രൂപയാണ്.

അതേസമയം, മറ്റൊരു പ്രമുഖ ഏജൻസിയായ സാക്നിൽക്കിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ കളക്ഷനിൽ ഞായറാഴ്ച 10.76 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 35.25 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയെന്നും ഇവർ വ്യക്തമാക്കുന്നു. സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്‍റെ നാല് ദിവസത്തെ ആഗോള ഗ്രോസ് 385 കോടി രൂപയാണ്. ഇതിൽ 230.5 കോടി ഇന്ത്യയിൽ നിന്നും 154.5 കോടി വിദേശ വിപണികളിൽ നിന്നുമാണ്.

കളക്ഷനിലെ ഇടിവ് ഉണ്ടായിട്ടും കോളിവുഡ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ ഞായറാഴ്ച കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി 'കൂലി' മാറി. ഷങ്കർ-രജനികാന്ത് കൂട്ടുകെട്ടിലിറങ്ങിയ '2.0' (100.3 കോടി), ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'ലിയോ' (70 കോടി) എന്നിവയാണ് ഈ പട്ടികയിൽ 'കൂലി'ക്ക് മുന്നിലുള്ളത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും റെക്കോർഡ് ഓപ്പണിംഗ് നേടിയ ചിത്രത്തിന്‍റെ വരുംദിവസങ്ങളിലെ പ്രകടനം ബോക്സ് ഓഫീസിൽ നിർണായകമാകും.

Tags:    

Similar News