'ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു പിന്നിൽ അക്കാദമി'; മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി

Update: 2025-11-01 08:04 GMT

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യരായിരുന്നവർ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ അംഗങ്ങൾ ചുമതലയേറ്റ ചടങ്ങിൽ മുൻ അധ്യക്ഷൻ പ്രേംകുമാർ പങ്കെടുത്തിരുന്നില്ല. കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്സൺ.

ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഭരണം ഒരു അധികാരം എന്ന നിലയിൽ കാണുന്നില്ലെന്നും, കാലാനുസരണമായ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് താനിതുവരെ എത്തിയതിനു പിന്നിൽ അക്കാദമിയുടെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക് കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ പനോരമയുടെ തിരഞ്ഞെടുപ്പ് ലണ്ടനിൽ നടക്കുന്നതിനാലും, മറ്റ് ജോലികൾ ഉള്ളതുകൊണ്ടും, ചലച്ചിത്രമേള സമയത്ത് താൻ വിദേശത്തായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന വിഭാഗമാണ് തങ്ങളുടേതെന്നും, എന്നാൽ നാടും സിനിമയും തന്നെ തിരികെ വിളിക്കുമ്പോൾ വരാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ അധ്യക്ഷൻ പ്രേംകുമാറിനെ വിളിക്കാൻ സമയം കിട്ടിയില്ലെന്നും, ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. "കേരളം അല്ലേ, വിവാദങ്ങൾ ഉണ്ടാകുമല്ലോ. അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ സാങ്കേതിക വിഭാഗത്തെ സർക്കാർ എത്ര നന്നായി പരിഗണിക്കുന്നു എന്നതാണ് തന്റെ അധ്യക്ഷസ്ഥാനം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് പ്രേംകുമാറിന് താത്കാലിക ചുമതല നൽകിയത്. എന്നാൽ, പുതിയ ഭരണസമിതി നിലവിൽ വന്നതോടെ ഈ നടപടി അവസാനിച്ചു. അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിത്താര കൃഷ്ണകുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവരടക്കം 26 പേരാണ് പുതിയ ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പുതിയ ചെയർമാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് തിരക്കിട്ട മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. ഇതിനു പുറമെ, ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) നടക്കാനിരിക്കുന്നു. സിനിമകളുടെ സ്ക്രീനിംഗ് പൂർത്തിയാകാത്തതിനാലും നിയമസഭാ സമ്മേളനം നടക്കുന്നതിനാലും അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയർമാൻ പ്രകാശ് രാജിന് അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതിനാലാണ് ഈ മാറ്റം. 

Tags:    

Similar News