കാത്തിരിപ്പിന് വിരാമം ?; 'ധ്രുവനച്ചത്തിരം' ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്

Update: 2025-08-23 12:34 GMT

ചെന്നൈ: ചിയാൻ വിക്രം-ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ധ്രുവനച്ചത്തിരം' ഈ വർഷം ഒക്ടോബറിൽ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ട്. വർഷങ്ങളായി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച് നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

2016-ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ പലതവണ മാറ്റിവെച്ചിരുന്നു. നേരത്തെ, ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ ആരാധകർക്കിടയിൽ വീണ്ടും നിരാശ പടർന്നിരുന്നു. 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ദീപാവലിക്ക് എത്തുമെന്നുള്ള പുതിയ വാർത്തകൾ പുറത്തുവരുന്നത്.

ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

Tags:    

Similar News