'ക്രോധത്തിൻ്റെ ദിനം..'; 'ഭ്രമയുഗം' സംവിധായകൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ; പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഡീയസ് ഈറേ’യുടെ ട്രെയ്‌ലർ പുറത്ത്
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'ഭ്രമയുഗ'ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഡീയസ് ഈറേ'യുടെ ട്രെയ്‌ലർ, മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ത്രില്ലറുകളിൽ ഒന്നായി ഇത് മാറുമെന്ന സൂചന നൽകുന്നു. കഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ ട്രെയ്‌ലറിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു വീടും അതിനെ ചുറ്റിപ്പറ്റിയുള്ള അമാനുഷിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അനുമാനിക്കാം. പ്രണവ് മോഹൻലാലിന്റെ ഇതുവരെ കാണാത്ത പ്രകടനങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
'ഭ്രമയുഗ'ത്തിൽ പ്രവർത്തിച്ച അതേ സാങ്കേതിക വിദഗ്ധരാണ് 'ഡീയസ് ഈറേ'ക്ക് പിന്നിലും അണിനിരക്കുന്നത്. ഷഹ്നാദ് ജലാൽ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം നൽകിയിരിക്കുന്നത്. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ഈ ഹൊറർ ചിത്രം ഹാലോവീൻ ദിനമായ ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.
സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.