ബോക്സ് ഓഫിസിൽ ഗംഭീര പ്രകടനവുമായി പ്രണവ് മോഹൻലാൽ ചിത്രം; ആ നേട്ടത്തില്‍ ദുല്‍ഖറിനൊപ്പം; മുന്നിൽ മോഹൻലാലും മമ്മൂട്ടിയും
കൊച്ചി: ആഗോള ബോക്സ് ഓഫിസ് കളക്ഷനിൽ 10 കോടിയില്‍ അധികം ഓപ്പണിംഗ് നേടുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ നായകനായെത്തിയ 'ഡീയസ് ഈറേ'. ഇതുവരെ നായകനായി അഭിനയിച്ച അഞ്ചു ചിത്രങ്ങളിൽ നാലെണ്ണവും മികച്ച വിജയങ്ങൾ നേടിയ താരമാണ് പ്രണവ്. 'ഡീയസ് ഈറേ'ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസ് നേട്ടങ്ങൾക്ക് പിന്നിൽ. പെയ്ഡ് പ്രീമിയർ ഷോകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടുകയും ആദ്യ ദിനം തന്നെ വലിയൊരു തുക കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു.
10 കോടിക്ക് മുകളിൽ ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ ആണ് മുന്നിൽ, അഞ്ച് ചിത്രങ്ങളുമായി. തുടർന്ന് മൂന്ന് ചിത്രങ്ങളുമായി മമ്മൂട്ടിയും രണ്ടാം സ്ഥാനത്തുണ്ട്. ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഓരോ ചിത്രങ്ങളുമായി മൂന്നാം സ്ഥാനത്ത് പങ്കിടുന്നു. ദുൽഖറിൻ്റേതായി 'കിംഗ് ഓഫ് കൊത്ത', 'കുറുപ്പ്' എന്നീ ചിത്രങ്ങളും പ്രണവിൻ്റേതായി 'ഹൃദയം', 'മരക്കാർ' തുടങ്ങിയ ചിത്രങ്ങളും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ്റെ 'ആടുജീവിതം', ഫഹദ് ഫാസിലിൻ്റെ 'ആവേശം' എന്നീ ചിത്രങ്ങളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 'ഡീയസ് ഈറേ' ഈ നേട്ടം കൈവരിക്കുന്ന 15-ാമത്തെ മലയാള ചിത്രമാണ്.
ഇന്നലെ റിലീസ് ചെയ്ത 'ഡീയസ് ഈറേ'യ്ക്ക് ഇന്ന് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ രാഹുൽ സദാശിവൻ തന്നെയാണ്.