ഡോ. ബിജുവിൻ്റെ ചിത്രം ഓസ്കറിലേക്ക്; പപ്പുവ ന്യൂ ഗിനിയയുടെ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക എൻട്രി; അഭിമാനമായി 'പപ്പ ബുക്ക'
പോർട്ട് മോറെസ്ബി: ഡോ. ബിജുവിൻ്റെ 'പപ്പ ബുക്ക' എന്ന ചിത്രം 2026-ലെ ഓസ്കറിലേക്ക്. മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരത്തിനായി പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എൻട്രിയായാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയെ ഓസ്കറിനായി ഔദ്യോഗികമായി സമർപ്പിക്കുന്നത്. ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും ചേർന്നുള്ള സംയുക്ത നിർമ്മാണ സംരംഭമാണിത്.
പപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ ഓഗസ്റ്റ് 27-ന് നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ടൂറിസം, കല, സാംസ്കാരിക വകുപ്പ് മന്ത്രി ബെൽഡൺ നോർമൻ നമാഹ്, നാഷണൽ കൾച്ചറൽ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവൻ എനോമ്പ് കിലാണ്ട, ഓസ്കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. 2025-ൽ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അൻപതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ചരിത്രപരമായ നേട്ടം. ഇത് പപ്പുവ ന്യൂ ഗിനിയയിലെ സിനിമാ മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മൂന്നുതവണ ദേശീയ പുരസ്കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം പൂർണ്ണമായും പപ്പുവ ന്യൂ ഗിനിയയിലാണ് ചിത്രീകരിച്ചത്. അവിടുത്തെ ഔദ്യോഗിക ഭാഷയായ ടോക് പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. പപ്പുവ ന്യൂ ഗിനിയൻ നിർമ്മാണ കമ്പനിയായ നാഫയ്‌ക്കൊപ്പം ഇന്ത്യയിൽനിന്ന് അക്ഷയ് കുമാർ പരിജ (അക്ഷയ് പരിജ പ്രൊഡക്ഷൻസ്), സംവിധായകൻ പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ (സിലിക്കൻ മീഡിയ) എന്നിവരും നിർമ്മാണ പങ്കാളികളാണ്.
85 വയസ്സുള്ള ഗോത്രവർഗക്കാരനായ സിനെ ബൊബോറോയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തിയും മലയാളി നടൻ പ്രകാശ് ബാരെയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു രാജ്യത്തിൻ്റെ പ്രഥമ ഓസ്കർ എൻട്രിയായി ഒരു ഇന്ത്യൻ സഹനിർമ്മാണ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ്.