തിയറ്ററുകളിൽ 'ദൃശ്യം 2'വിന് തണുപ്പൻ പ്രതികരണം; റീ-റിലീസിൽ മോഹൻലാൽ ചിത്രത്തിന് അടിപതറി; കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന ഖ്യാതിയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ റീ-റിലീസിന് തിരിച്ചടി. ഒടിടി റിലീസിന് ശേഷം ആദ്യമായി തിയറ്ററുകളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2'വിനെ കാണികൾ കൈവിട്ടു. ഈ മാസം പത്തിന് വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. കൊവിഡ് കാലത്ത് ആമസോൺ പ്രൈമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ആദ്യമായാണ് തിയറ്ററിൽ പ്രദർശിപ്പിച്ചത്.
'ദൃശ്യം 3'യുടെ റിലീസ് തീരുമാനത്തിൽ മാറ്റം വന്നതോടെയാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് രണ്ടാം ഭാഗം തിയറ്ററുകളിൽ എത്തിച്ചത്. എന്നാൽ, ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ഇതുവരെ 3.52 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് ഗ്രോസ് കളക്ഷനായി നേടാനായത്. ഷെയർ ആകട്ടെ വെറും 1.60 ലക്ഷം രൂപയും. ഒടിടിയിൽ പലവട്ടം കണ്ടതും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നതുമായ ചിത്രമായതിനാലാണ് രണ്ടാം വരവിൽ കാണികൾ താൽപര്യം കാട്ടാതിരുന്നതെന്നാണ് വിലയിരുത്തൽ.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. റീ-റിലീസുകളിൽ എന്നും വിസ്മയം തീർത്തിട്ടുള്ള താരമാണ് മോഹൻലാൽ. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു എന്നിവയെല്ലാം തിയറ്ററുകളിൽ വൻ വിജയം കൊയ്തിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത 'റൺ ബേബി റണ്ണി'ന് പിന്നാലെ 'ദൃശ്യം 2'വും പരാജയപ്പെട്ടത് ആരാധകർക്കും തിയറ്ററുടമകൾക്കും നിരാശയായിരിക്കുകയാണ്.