നിന്റെ കല്യാണം കാണാൻ ഞാൻ ആഗ്രഹിക്കുന്നു; അതും ഒരു തെലുങ്ക് ഹീറോയോടൊപ്പം; മൃണാളെ മുന്നിൽ കണ്ടതും ഉപദേശവുമായി അല്ലുവിന്റെ അച്ഛൻ; പിന്നാലെ മുന്നറിയിപ്പുമായി ആരാധകർ

Update: 2026-04-13 09:02 GMT

ദിവി ശേഷും മൃണാൾ ഠാക്കൂറും പ്രധാന വേഷങ്ങളിലെത്തിയ 'ഡെക്കോയിറ്റ്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ അല്ലു അർജുന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മൃണാൾ ഠാക്കൂർ ടോളിവുഡിൽ തന്നെ തുടരണമെങ്കിൽ ഒരു തെലുങ്ക് നടനെ വിവാഹം കഴിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്.

"മൃണാൾ ഒരു തെലുങ്ക് ഹീറോയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അവർ ടോളിവുഡിൽ തന്നെ ഉറച്ചുനിൽക്കാൻ വേറെ വഴിയില്ല. തെലുങ്ക് സിനിമാരംഗത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവർക്ക് ഇവിടെത്തന്നെ തുടരാം."

അല്ലു അരവിന്ദിന്റെ ഈ വാക്കുകൾ പുറത്തുവന്നതോടെ, നടി ലാവണ്യ ത്രിപാഠിയെക്കുറിച്ച് മുൻപ് അദ്ദേഹം നടത്തിയ സമാനമായ പരാമർശം ആരാധകർ കുത്തിപ്പൊക്കി. അന്ന് ലാവണ്യയോടും ഒരു തെലുങ്ക് യുവാവിനെ വിവാഹം കഴിച്ച് ഇവിടെ കൂടാൻ അദ്ദേഹം ഉപദേശിച്ചിരുന്നു. അധികം വൈകാതെ തന്നെ ലാവണ്യ തെലുങ്ക് താരം വരുൺ തേജിനെ വിവാഹം കഴിക്കുകയും ചെയ്തു. മൃണാളിന്റെ കാര്യത്തിലും അല്ലു അരവിന്ദിന്റെ 'പ്രവചനം' ഫലിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ മൃണാൾ ഠാക്കൂർ ടെലിവിഷൻ രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' എന്ന ചിത്രത്തിലൂടെയാണ് മൃണാൾ തെന്നിന്ത്യയിൽ തരംഗമായത്. നിലവിൽ തെലുങ്ക്, ഹിന്ദി ഭാഷകളിൽ തിരക്കുള്ള നടിയാണ് അവർ.

ഗീതാ ആർട്‌സ് സ്ഥാപകനായ അല്ലു അരവിന്ദ് തെലുങ്കിലെ ഏറ്റവും സ്വാധീനമുള്ള നിർമ്മാതാക്കളിൽ ഒരാളാണ്. സൂപ്പർതാരം ചിരഞ്ജീവിയുടെ ഭാര്യാസഹോദരനും രാം ചരണിന്റെ അമ്മാവനുമായ അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ ഉടമസ്ഥരിലും ഒരാളാണ്.

Tags:    

Similar News