'സേതു'വായി ചാക്കോച്ചൻ; 'ന്നാ താൻ കേസ് കൊട്' സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ'; ചിത്രം ഏപ്രിൽ 15ന് തിയേറ്ററുകളിലേക്ക്
കൊച്ചി: 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15ന് തിയറ്ററുകളിലെത്തും. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ സേതു എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. റേഡിയോയുടെ സ്ഥിരം ശ്രോതാവായ സേതുവിന്റെ ജീവിതത്തിലൂടെ വികസിക്കുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
മാസ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിധം ആക്ഷനും പ്രണയവും നിറഞ്ഞൊരു 'ഫുൾ പാക്കേജാ'യിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ വാഗ്ദാനം. ചിത്രത്തിൽ റേഡിയോയ്ക്കും നിർണായക സ്ഥാനമുണ്ട്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ പ്രമുഖ നിർമാണ കമ്പനികൾ ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അർജുൻ സേതു ക്യാമറയും ഡോൺ വിൻസന്റ് സംഗീതവും നിർവഹിക്കുന്നു. മനോജ് കണ്ണോത്താണ് എഡിറ്റർ. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.