ദുൽഖർ സൽമാൻ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം; ഇതുവരെ കണ്ടത് 3 മില്യണിലധികം പേർ; അടുത്ത ബ്ലോക്ക് ബസ്റ്ററെന്ന് ആരാധകർ
കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്ത'യുടെ ട്രെയിലറിന് മികച്ച സ്വീകരണം. നവംബർ 6ന് പുറത്തിറങ്ങിയ ട്രെയിലർ വെറും ഏഴു മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ചിത്രം നവംബർ 14ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച 'കാന്ത' നിർമ്മിക്കുന്നത് ദുൽഖറിന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയും ചേർന്നാണ്.
നവംബർ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ട്രെയിലറുകളാണ് ഇതിനോടകം പുറത്തുവന്നത്. തെലുങ്ക് ട്രെയിലർ പുറത്തിറക്കിയത് സൂപ്പർതാരം പ്രഭാസാണ്. തമിഴ് ട്രെയിലർ റിലീസ് ചെയ്തത് സിൽമ്പരശനാണ്. വെറും ഏഴു മണിക്കൂറിനുള്ളിൽ തെലുങ്ക് ട്രെയിലർ 26 ലക്ഷത്തിലധികം കാഴ്ചക്കാരെയും തമിഴ് ട്രെയിലർ എട്ടര ലക്ഷത്തിലധികം കാഴ്ചക്കാരെയും നേടി.
ദുൽഖർ സൽമാന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും 'കാന്ത'യിലേത് എന്ന സൂചന നൽകുന്ന ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 1950 കാലഘട്ടത്തിലെ മദ്രാസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടികെ മഹാദേവൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകനായി സമുദ്രക്കനി എത്തുമ്പോൾ, പോലീസ് ഓഫീസറുടെ വേഷത്തിലാണ് റാണ ദഗ്ഗുബതി.
ദുൽഖർ, സമുദ്രക്കനി എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോ, പ്രതികാരം, വൈകാരികത എന്നിവയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നതെന്നാണ് സൂചന. ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര് കുമാരി എന്നാണ്. മികച്ച സിനിമാനുഭവം നൽകുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലർ ആയിരിക്കും 'കാന്ത'യെന്ന് ടീസറും ട്രെയിലറും സൂചിപ്പിക്കുന്നു.