ആമിർ അലിയെ ഏറ്റെടുത്ത് നെറ്റിസൺസ്; ശ്രദ്ധ നേടി പൃഥ്വിരാജിന്റെ 'ഖലീഫ'; 5 മില്യണും കടന്ന് ഫസ്റ്റ് ഗ്ലിംപ്സ്; ഇത് സർവ മേഖലയും തൂക്കുമെന്ന് ആരാധകർ
കൊച്ചി: അഞ്ചു മില്യൺ (50 ലക്ഷം) കാഴ്ച്ചക്കാരെ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ഖലീഫ'യുടെ ഫസ്റ്റ് ഗ്ലിംപ്സ്. ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ഗ്ലിംപ്സ് വീഡിയോയുടെ പ്രധാന ആകർഷണം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്.
ജിനു വി. എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ട് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ 'പോക്കിരിരാജ'യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. 'ഖലീഫ' ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജിനു വി. എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ ആണ് നിർവഹിക്കുന്നത്. യുകെ, യുഎഇ (ദുബൈ), നേപ്പാൾ, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷാജി നടുവിലാണ് ചിത്രത്തിന്റെ കലാസംവിധാനം എഡിറ്റിംഗ് ഷമീർ മുഹമ്മദ്.