'ആരും സഹായിച്ചില്ല, ഹൈപ്പ് കൊണ്ട് മാത്രമാണ് എന്റെ സിനിമ അതിജീവിക്കുന്നത്'; 'ധ്രുവനച്ചത്തിരം' വൈകുന്നത് എന്തുകൊണ്ടാണ് ?; കാരണം തുറന്ന് പറഞ്ഞ് ഗൗതം വാസുദേവ് മേനോൻ

Update: 2025-01-13 09:46 GMT

ചെന്നൈ: വർഷങ്ങൾക്ക് മുന്നേ പ്രഖ്യാപനം വന്ന ചിത്രമായിരുന്നു 'ധ്രുവനച്ചത്തിരം'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാണ് നായകനായെത്തുന്നത്. 2013 ൽ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീടാണ് വിക്രമിനെ നായകനായി പരിഗണിക്കുന്നത്. 2017 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പല കാര്യങ്ങൾ കൊണ്ട് റിലീസ് നീണ്ട് പോവുകയായിരുന്നു. ഒടുവിൽ 2023 നവംബര്‍ 24ന് ധ്രുവനച്ചത്തിരം റിലീസ് തീരുമാനിച്ചുവെങ്കിലും അവസാന നിമിഷം ഇത് മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ ധ്രുവനച്ചത്തിരത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. ധ്രുവനച്ചത്തിരം വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇൻഡസ്ട്രിയിലെ ആരും തന്നെ സഹായിച്ചില്ലെന്ന് ​ഗൗതം മേനോൻ പറയുന്നു.

ആരെങ്കിലും സഹായിക്കാൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. 'എനിക്ക് അങ്ങനെ ആരും ഇല്ല. അത് ശരിയായിട്ടുള്ളൊരു കാര്യമാണ്. ധ്രുവനച്ചത്തിരം റിലീസ് നടക്കാതിരുന്ന സമയത്ത് എന്നെ ആരും വിളിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ പോലും ആരും മെനക്കെട്ടില്ല. ആരും സഹായിച്ചില്ല. ഒരു സിനിമ നന്നായാൽ അവർ ആശ്ചര്യപ്പെടും. അല്ലാതെ സന്തോഷിക്കില്ല. അതാണ് യാഥാർത്ഥ്യം. പ്രൊഡ്യൂസർ താനു സാറും സുഹൃത്തും സംവിധായകനുമായ ലിങ്കുസാമിയും മാത്രമാണ് എന്താണ് പറ്റിയതെന്ന് വിളിച്ച് ചോദിച്ചത്. എല്ലാ സിനിമകൾക്കും ഉണ്ടാകുന്ന പ്രശ്നമെ ധ്രുവനച്ചത്തിരത്തിനും ഉള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. പ്രേക്ഷകർക്ക് ഇടയിലുള്ള ഹൈപ്പ് കൊണ്ട് മാത്രമാണ് എന്റെ പടം അതിജീവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ചെറിയ എന്തെങ്കിലും അപ്ഡേറ്റ് വന്നാൽ തന്നെ അവർ ആവേശത്തോടെയാണ് എടുക്കുന്നത്. അതുകൊണ്ട് മാത്രമാണ് ധ്രുവനച്ചത്തിരം നിലനിൽക്കുന്നത്', എന്നാണ് ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്.

അതേസമയം, മമ്മൂട്ടി നായകനാകുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' എന്ന ​ഗൗതം മേനോന്റെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 2025 ജനുവരി 23 നാണ് ചിത്രത്തിന്റെ റിലീസ്. ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Tags:    

Similar News