ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; 'പെണ്ണും പൊറാട്ടും' പ്രീമിയർ പ്രദർശനം നിറഞ്ഞ സദസ്സിൽ; രാജേഷ് മാധവന്റെ സംവിധാന അരങ്ങേറ്റത്തിന് മികച്ച പ്രേക്ഷക പ്രശംസ
ഗോവ: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) കയ്യടി നേടി നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും'. ഈ വർഷം ഗാല പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക മലയാള ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുധനാഴ്ച വൈകുന്നേരം ചലച്ചിത്രോത്സവത്തിലെ പ്രധാന വേദിയായ ഐനോക്സിൽ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം. വലിയ പ്രേക്ഷക പിന്തുണയോടെ നടന്ന പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളും കയ്യടികളുമാണ് ചിത്രത്തിന് ലഭിച്ചത്.
സാമൂഹിക-ആക്ഷേപഹാസ്യ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പട്ടട എന്ന ഗ്രാമത്തിൽ നടക്കുന്ന കഥ ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നിവരെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമാണ്.
രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സബിൻ ഊരാളിക്കണ്ടിയും സംഗീതം ഡോൺ വിൻസെന്റും ചിത്രസംയോജനം ചമൻ ചാക്കോയും നിർവഹിച്ചിരിക്കുന്നു. ഷെറിൻ റേച്ചൽ സന്തോഷാണ് കോ-പ്രൊഡ്യൂസർ. ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറും അരുൺ സി തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ശ്രീജിത്ത് ശ്രീനിവാസൻ സൗണ്ട് ഡിസൈനറും വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ വസ്ത്രാലങ്കാരവും നിർവഹിച്ചു. പോസ്റ്റർ ഡിസൈൻസ് സർക്കാസനവും പി ആർ ഒ വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാറുമാണ്. 2026 ജനുവരിയിൽ തിയേറ്ററുകളിലെത്തുന്ന 'പെണ്ണും പൊറാട്ടും' കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിക്കും.