വിവാദങ്ങള്‍ക്കൊടുവിൽ ഷെയ്ൻ നിഗം ചിത്രം തിയറ്ററുകളിലേക്ക്; 'ഹാലിന്' യുഎ സർട്ടിഫിക്കറ്റ്; റിലീസ് ഡിസംബർ 25-ന്
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാൽ' എന്ന ചിത്രം ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. 'ഹാലിന്' യുഎ 16+ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് 'ഹാൽ' വാർത്താ പ്രാധാന്യം നേടിയത്.
തുടർന്നുണ്ടായ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിലാണ് സിനിമ ഇപ്പോൾ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്നത്. വീരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, ജോയ് മാത്യു, സുരേഷ് കൃഷ്ണ, നിഷാന്ത് സാഗർ, ശ്രീധന്യ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും
നിഷാദ് കോയയാണ് 'ഹാലിന്റെ' രചന നിർവഹിച്ചിരിക്കുന്നത്. നന്ദഗോപൻ വി സംഗീതം നിർവഹിച്ച ചിത്രത്തിന്റെ മ്യൂസിക് പാർട്ണർ തിങ്ക് മ്യൂസിക്കാണ്. രവി ചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജെവിജെ റിലീസ് രാജ്‍സാഗർ ഫിലിംസ് വഴിയാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണക്കാർ.