'നിന്റെ പേരും പ്രശ്‌നമാണ്, വേറെ പലതും പ്രശ്‌നമാണ്'; പ്രണയവും പോരാട്ടവും പ്രമേയമാകുന്ന 'ഹാൽ'; ശ്രദ്ധനേടി ഷെയ്ൻ നിഗം ചിത്രത്തിന്റെ ട്രെയ്‌ലർ; റിലീസ് ഡിസംബർ 25ന്
കൊച്ചി: ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു റാപ്പറുടെ ജീവിതവും പ്രണയവും പോരാട്ടവും പ്രമേയമാകുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് നിഷാദ് കോയയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്.
ഒരു റാപ്പർ തന്റെ പാട്ടുകളിലൂടെ നേരിടുന്ന വെല്ലുവിളികളും സാമൂഹിക സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റിലീസിന് മുൻപേ ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 6 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ 'ഹാല്‍' സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം. ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രത്തിന് യുഎ 16 + സർട്ടിഫിക്കറ്റ് ലഭിച്ചത്.
ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് ചിത്രം തീയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജോണി ആന്റണി, മധുപാൽ, ജോയ് മാത്യു, നിഷാന്ത് സാഗർ, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നന്ദഗോപൻ വി. ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
