വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ
രണ്ട് പതിറ്റാണ്ടായി മലയാള സിനിമാ ലോകത്ത് സജീവമായ നടി ഹണി റോസ്, കരിയറിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 6 ന് ക്രിസ്മസ് റിലീസായി അഞ്ച് ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹരചയിതാവുമാകുന്ന ചിത്രത്തിന്റെ സംവിധാനം പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പ്രചാരണാർത്ഥം പുറത്തിറങ്ങിയ ആദ്യ പോസ്റ്ററുകളും ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ ഒരു റിവഞ്ച് ത്രില്ലർ ചിത്രമായിരിക്കും 'റേച്ചൽ' എന്നാണ് സൂചനകൾ. മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ബാബുരാജ്, ചന്തു സലിംകുമാർ, റോഷൻ ബഷീർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തത്തിൽ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളായ നിരവധി പ്രഗത്ഭർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.