രണ്ടാമത്തെ തിങ്കളാഴ്ചയും മികച്ച കളക്ഷൻ; 'ഹൃദയപൂര്‍വ്വം' കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത് എത്ര ?; കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തിയ 'ഹൃദയപൂർവ്വം' ബോക്സ് ഓഫീസിൽ മികച്ച റിപ്പോർട്ടുകൾ. ചിത്രത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചതിന് പിന്നാലെ, സിനിമാ ട്രാക്കർമാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയും മികച്ച കളക്ഷൻ നേടി. സിനിമകളുടെ ടിക്കറ്റ് വിൽപ്പന ഏറ്റവും കുറയാൻ സാധ്യതയുള്ള ദിവസമായ തിങ്കളാഴ്ചകളിലാണ് 'ഹൃദയപൂർവ്വം' മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.
വാട്ട് ദി ഫസ് എന്ന ട്രാക്കിംഗ് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കേരളത്തിലെ 932 ഷോകളിൽ നിന്ന് 73,000 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. ഇതിലൂടെ മാത്രം 1.15 കോടി രൂപയുടെ കളക്ഷൻ നേടാനായി. രാത്രി 7.20 വരെയുള്ള കണക്കുകൾ അനുസരിച്ചാണ് ഈ വിവരം. നേരത്തെ, റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ചിത്രം കേരളത്തിൽ നിന്ന് 1.47 കോടി നേടിയിരുന്നു. ഇന്നത്തെ ലേറ്റ് നൈറ്റ് ഷോകൾ കൂടി പൂർത്തിയാകുമ്പോൾ, 'ഹൃദയപൂർവ്വം' കേരളത്തിൽ നിന്ന് ഒന്നര കോടി രൂപയുടെ കളക്ഷൻ നേടുമെന്ന് ട്രാക്കർമാർ വിലയിരുത്തുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഹൃദയപൂര്‍വ്വം കേരളത്തില്‍ നിന്ന് നേടിയത് 29.50 കോടിയാണ്. ഇന്നത്തേത് കൂടി ചേര്‍ക്കുമ്പോള്‍ അത് 31 കോടിയില്‍ എത്തും.
അതേസമയം ‘ഹൃദയപൂർവ്വം’ 50 കോടി ക്ലബ്ബിൽ ഇടം നേടി. പ്രദർശനത്തിനെത്തി വെറും എട്ട് ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. ഈ വർഷം മോഹൻലാലിന്റെ തുടർച്ചയായ മൂന്നാമത്തെ 50 കോടി ചിത്രമാണിത്. നേരത്തെ 2025-ൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതിൽ ‘എമ്പുരാൻ’ മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപും മാളവിക മോഹനനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓണം റിലീസായി എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.