'ഹൃദയപൂർവ്വം' സിനിമയിൽ അതിഥി വേഷങ്ങളിൽ മീരാ ജാസ്മിനും ബേസിൽ ജോസഫും; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ച് സെൻസർ ബോർഡ്
തിരുവനന്തപുരം: സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിൽ മീരാ ജാസ്മിനും ബേസിൽ ജോസഫും അതിഥി വേഷങ്ങളിൽ എത്തുന്നു. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സർട്ടിഫിക്കറ്റിലാണ് അണിയറപ്രവർത്തകർ സസ്പെൻസായി നിലനിർത്തിയിരുന്ന ഈ വിവരം വെളിപ്പെട്ടത്. ചിത്രത്തിന് ക്ലീൻ 'യു' സർട്ടിഫിക്കറ്റ് ലഭിച്ചതായും ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയേറ്ററുകളിൽ എത്തുമെന്നും മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ സിനിമയാണ് 'ഹൃദയപൂർവ്വം'. ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറെടുക്കവെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) പുറത്തുവിട്ട അഭിനേതാക്കളുടെ പട്ടികയിലൂടെ പ്രധാനപ്പെട്ട ഈ വിവരം പുറത്തുവന്നത്.
'രസതന്ത്രം', 'ഇന്നത്തെ ചിന്താവിഷയം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി മാറിയ മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. ജയറാം നായകനായ 'മകൾ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയായിരുന്നു മീരാ ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തിയത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പം ബേസിൽ ജോസഫ് ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണിത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഹൃദയപൂർവ്വം', പുണെ പശ്ചാത്തലമാക്കി സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് പറയുന്നത്. അഖിൽ സത്യൻ കഥയും ടി.പി. സോനു തിരക്കഥയും നിർവഹിച്ചിരിക്കുന്നു. മാളവിക മോഹനൻ, സംഗീത എന്നിവരാണ് നായികമാർ. സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ്, സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.