'ജാനകി' സിനിമ കണ്ട് ഹൈകോടതി ജസ്റ്റിസ് നഗരേഷ്; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും; സെന്‍സര്‍ വിവാദത്തില്‍ സുരേഷ് ഗോപിക്ക് അമര്‍ഷമെന്ന് ജി. സുരേഷ് കുമാര്‍

'ജാനകി' സിനിമ കണ്ട് ഹൈകോടതി ജസ്റ്റിസ് നഗരേഷ്

Update: 2025-07-06 12:33 GMT

കാക്കനാട്: വിവാദ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എന്‍. നഗരേഷും കോടതി പ്രതിനിധികളും ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമ കാണാനെത്തി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണ തീരുമാനമെടുത്തത്.

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തോടെ കൊച്ചി പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ എത്തിയാണ് ജഡ്ജി സിനിമ കണ്ടത്. കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.

അതേസമയം സെന്‍സര്‍ വിവാദത്തില്‍ സുരേഷ് ഗോപിക്ക് അമര്‍ഷം ഉണ്ടെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. സുരേഷ് ഗോപി എല്ലാം ഉള്ളില്‍ ഒതുക്കുന്നു. ചിത്രത്തിന് വേണ്ടി സിനിമാ സംഘടനകള്‍ ശബ്ദമുയര്‍ത്തുമെന്നും ജി. സുരേഷ് കുമാര്‍ അറിയിച്ചു.

സെന്‍സര്‍ഷിപ്പ് വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് മലയാള സിനിമ സംഘടനകള്‍ നിവേദനം നല്‍കി. അങങഅ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ നിവേദനം താന്‍ കേന്ദ്രമന്ത്രിക്ക് കൈമാറിയതായി സുരേഷ് കുമാര്‍ പറഞ്ഞു. നിവേദനം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും സുരേഷ് കുമാര്‍ അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിലെ ചില ആളുകള്‍ സെന്‍സിബിളല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ജി. സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് അമര്‍ഷം ഉണ്ട്. അദ്ദേഹം എല്ലാം ഉള്ളില്‍ ഒതുക്കുകയാണ്. സിനിമയ്ക്ക് വേണ്ടി തങ്ങള്‍ ശബ്ദം ഉയര്‍ത്തും. എല്ലാത്തിനും തുടക്കം എമ്പുരാന്‍ സിനിമ ആയിരുന്നു. എമ്പുരാനോട് സെന്‍സര്‍ ബോര്‍ഡ് പുലര്‍ത്തിയ അമിത ജാഗ്രതയാണ് കാരണം. കേന്ദ്രമന്ത്രി ആയതിനാല്‍ സുരേഷ് ഗോപിക്ക് പ്രതികരിക്കാന്‍ പരിമിതികള്‍ ഉണ്ടെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News