'ഈ സ്വാതന്ത്ര്യദിനം നീതിക്കുവേണ്ടിയാകട്ടെ..'; സുരേഷ് ഗോപി ചിത്രം ജെഎസ്‍കെ ഒ.ടി.ടിയിലേക്ക്
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ജെ.എസ്.കെ. കോർട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധാനം പ്രവീണ്‍ നാരായണനാണ്. ജൂലൈ 17നാണ് തിയറ്ററിൽ എത്തിയത്. ഇപ്പോഴിതാ, തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് തൊട്ടുമുമ്പ് ചിത്രം ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീലൂടെയാണ് ചിത്രം ഓണലൈൻ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ആഗസ്റ്റ് 15 മുതൽ ചിത്രം ലഭ്യമാകും. 'ഈ സ്വാതന്ത്ര്യദിനം നീതിക്കുവേണ്ടിയാകട്ടെ. ജാനകി വി വേഴ്സസ് കേരള ആഗസ്റ്റ് 15 മുതൽ സി5ൽ' എന്നായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അപ്‌ഡേറ്റ്.
ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അനുപമ പരമേശ്വരന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുപമ പരമേശ്വരൻ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദ് നിർവഹിക്കുമ്പോൾ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്, പി ആർ ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.