'ഏറ്റവും സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോൾ'; മെഗാ സ്റ്റാർ വില്ലനോ അതോ വേറെ ലെവൽ നായകനോ?; ഞെട്ടിച്ച് 'കളങ്കാവൽ' പ്രീ റിലീസ് ടീസർ
കൊച്ചി: ആരാധകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-വിനായകൻ കോമ്പോയുടെ ചിത്രമാണ് 'കളങ്കാവൽ'. ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ പുറത്ത്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്നാണ് പ്രീ റിലീസ് ടീസർ ലോഞ്ച് ചെയ്തത്. ഇവരെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ടീസർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.
മനുഷ്യരെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. "ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്" എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കാണാതായ സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഓഫീസറായാണ് വിനായകൻ ചിത്രത്തിൽ വേഷമിടുന്നത്. ഈ ടീസറിനും മുമ്പ് പുറത്തിറങ്ങിയ ആദ്യ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കേരളത്തിൽ വേഫറർ ഫിലിംസ് ചിത്രം വിതരണം ചെയ്യുമ്പോൾ, തമിഴ്നാട്ടിൽ ഫ്യുച്ചർ റണ്ണപ് ഫിലിംസും ഓവർസീസ് വിതരണം ട്രൂത് ഗ്ലോബൽ ഫിലിംസുമാണ് ഏറ്റെടുത്തിരിക്കുന്നത്. മുജീബ് മജീദ് സംഗീതം നൽകിയ തമിഴ് റെട്രോ ശൈലിയിലുള്ള ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 11.11-ന് ആരംഭിച്ചു.
