അഡ്വാൻസ് ബുക്കിങിന് മികച്ച പ്രതികരണം; പ്രീസെയിൽസിൽ തരംഗമായി 'കളങ്കാവൽ'; മമ്മൂട്ടി ചിത്രം നേടിയതെത്ര?
കൊച്ചി: മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് 1.25 കോടി രൂപ കടന്നു. ഡിസംബർ 5 ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം, റിലീസിന് ഒരു ദിവസത്തിലധികം ബാക്കിനിൽക്കെയാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കേരളാ പ്രീസെയിൽസ് ഉടൻ 1.5 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച രാവിലെ 11.11 ന് ആരംഭിച്ചിരുന്നു. ആരംഭിച്ചയുടൻ തന്നെ ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിംഗിൽ ഇടം നേടിയ 'കളങ്കാവൽ' ഇപ്പോഴും ഈ നില തുടരുകയാണ്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. കേരളത്തിന് പുറത്തും ആഗോള തലത്തിലും ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിക്കുന്നുണ്ട്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണ പങ്കാളി.
ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥാകൃത്തായി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമായ 'കളങ്കാവൽ' കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെയറർ ഫിലിംസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഫ്യൂച്ചർ റണ്ണപ് ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
തിങ്കളാഴ്ച പുറത്തുവന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മനുഷ്യരെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ കൊലയാളിയായി മമ്മൂട്ടിയും പോലീസ് ഓഫീസറായി വിനായകനും എത്തുന്ന ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്രൈം ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം മമ്മൂട്ടിയുടെയും വിനായകന്റെയും പ്രകടനങ്ങളായിരിക്കുമെന്നാണ് സൂചന.