മമ്മൂട്ടിയും വിനായകനും പ്രധാന വേഷണങ്ങളിൽ എത്തുന്ന കളങ്കാവൽ; ടീസര്‍ 'ലോക'ക്ക് ഒപ്പം തീയേറ്ററുകളില്‍; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: വലിയ പ്രതീക്ഷയോടെ തീയറ്ററുകളിൽ റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കളങ്കാവൽ'. മെഗാസ്റ്റാർ മമ്മൂട്ടിയെയും വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓഗസ്റ്റ് 28-ന് ആഗോള റിലീസായി എത്തുന്ന 'ലോക' എന്ന മലയാളം സൂപ്പര്‍ഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ ആണ് 'കളങ്കാവല്‍' ടീസര്‍ പ്രദര്‍ശിപ്പിക്കുക. ടീസർ പ്രഖ്യാപനത്തോടൊപ്പം, മമ്മൂട്ടിയുടെ മാസ് ലുക്ക് അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യുന്ന 'ലോക'യുടെ നിർമ്മാതാക്കളും വേഫെയറർ ഫിലിംസ് തന്നെയാണ്. 'കുറുപ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് കഥയൊരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം എന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്.
ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ് ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റർ.