2025 ലെ 'ക്ലാസിക് ബ്ലോക്ക്ബസ്റ്റര്‍'; 24 ദിവസം കൊണ്ട് 'കളങ്കാവൽ' നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; കണക്കുകൾ പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി

Update: 2025-12-28 16:33 GMT

കൊച്ചി: ജിതിൻ കെ ജോസ് ഒരുക്കിയ മമ്മൂട്ടി ചിത്രം 'കളങ്കാവൽ' ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസ് ചെയ്ത് 24 ദിവസത്തിനുള്ളിൽ ചിത്രം 83 കോടി രൂപ നേടിയെന്നാണ് കണക്കുകൾ. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്ക് നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ കളങ്കാവലിനെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയ ഈ ചിത്രം ഈ മാസം 5-നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസിന്റെ 24-ാം ദിവസമാണ് കളക്ഷൻ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടത്. 2025-ൽ മമ്മൂട്ടി പുതിയ സംവിധായകർക്കൊപ്പം സഹകരിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങളാണ് പുറത്തിറക്കിയത്. ഗൗതം മേനോൻ മലയാളത്തിൽ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്', മറ്റൊരു പുതുമുഖ സംവിധായകൻ ഒരുക്കിയ 'ബസൂക്ക' എന്നിവയായിരുന്നു മറ്റ് ചിത്രങ്ങൾ. ഈ ചിത്രങ്ങൾ പ്രേക്ഷകപ്രീതി നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ 'കളങ്കാവൽ' ആ ക്ഷീണം തീർത്തു.

സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്' എന്നതിന്റെ കഥാകൃത്തായ ജിതിൻ കെ ജോസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് 'കളങ്കാവൽ'. മമ്മൂട്ടി ഒരു പുതുമുഖ സംവിധായകനോടൊപ്പം എത്തുന്നു, മമ്മൂട്ടി പ്രതിനായകനാകുന്നു, വിനായകൻ നായകനാകുന്നു തുടങ്ങിയ പല ഘടകങ്ങൾ കാരണം ചിത്രത്തിന് റിലീസിന് മുമ്പുതന്നെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ആദ്യ ഷോകൾക്കുശേഷം വൻ പോസിറ്റീവ് പ്രതികരണം ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടങ്ങി.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്റെ സംഗീതവും ഫൈസൽ അലിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. മമ്മൂട്ടി ഒരു സീരിയൽ കില്ലറായും വിനായകൻ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായുമാണ് ചിത്രത്തിൽ വേഷമിട്ടത്.

Tags:    

Similar News