ഈ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്ന്; മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും 6 ലക്ഷം; മുടക്ക് മുതൽ പോലും നേടാനായില്ല; 'കങ്കുവ' യ്ക്ക് സംഭവിക്കുന്നതെന്ത് ?
ചെന്നൈ: മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 'കങ്കുവ'. എന്നാൽ വൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തിയ 'കങ്കുവ' ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ആദ്യ ദിനം മുതല്‍ ചിത്രത്തിന് തീര്‍ത്തും നെഗറ്റീവ് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആകുമെന്ന് പ്രതീക്ഷിച്ച ചിത്രം ബോക്സ് ഓഫിസിൽ തകർന്ന് വീഴുകയായിരുന്നു.
മുടക്ക് മുതൽ നേടാൻ പോലും ചിത്രത്തിനായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സോഫീസ് പരാജയമാണ് കങ്കുവ എന്നാണ് കണക്കുകൾ. സൂര്യ നായകനായി എത്തിയ പടത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോർട്ട്. റീലീസിന്‍റെ 22-ാം ദിനമായിരുന്ന ഇക്കഴിഞ്ഞ വ്യാഴാഴ്ച കങ്കുവ തമിഴ് പതിപ്പ് നേടിയത് വെറും 4 ലക്ഷം രൂപ ആണ്. ബുധന്‍, ചൊവ്വ ദിനങ്ങളില്‍ അതിലും കുറവാണ് ചിത്രം നേടിയത്. വെറും ഓരോ ലക്ഷം വീതം. അതായത് മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ആകെ നേടിയത് വെറും 6 ലക്ഷം രൂപ.
അതേസമയം, ചിത്രം തീയേറ്ററുകളിൽ എത്തി ഇപ്പോഴിതാ നാല് ആഴ്ച പോലും പൂര്‍ത്തിയാക്കും മുന്‍പേ ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഈ മാസം 8 ന് ചിത്രം ഓൺലൈൻ സ്‌ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. തീയേറ്ററുകളിൽ കാണാൻ ആളില്ലാതായതോടെ പറഞ്ഞതിലും നേരത്തെയുള്ള ചിത്രത്തിന്റെ ഒടിടി റിലീസ്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് പ്രതിനായകനായി എത്തുന്നത്. കാര്‍ത്തിയുടെ ഗസ്റ്റ് റോളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ശിവയുടേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വെട്രി പളനിസാമി.പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.