കാന്തര 1; ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്; ചിത്രം ഒക്‌ടോബര്‍ രണ്ടിന് തിയേറ്ററുകളില്‍
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയുടെ പ്രീക്വല്‍ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലെത്തുന്നു. റിഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍ എന്നാണ് പേര്. 2022ല്‍ പുറത്തിറങ്ങി വന്‍ വിജയമായ ആദ്യഭാഗത്തിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. വമ്പന്‍ ക്യാന്‍വാസും ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി സിനിമ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളത്തിന്റെ ജയറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. കെ.ജി.എഫ് ചാപ്റ്റര്‍ 2, 777 ചാര്‍ലി, സലാര്‍ തുടങ്ങിയ പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ കേരളത്തില്‍ എത്തിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഇത്. പ്രശസ്ത പാന്‍-ഇന്ത്യന്‍ ബാനറായ ഹോംബാലെ ഫിലിംസാണ് കാന്താര: ചാപ്റ്റര്‍ 1 നിര്‍മിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.