'കരം' ചിത്രത്തിലെ 'അന അൽ മാലിക്...' വീഡിയോ ഗാനം പുറത്തിറങ്ങി; സ്റ്റൈലിഷ് ലുക്കിൽ 'ആശാൻ' ഇവാൻ വുകോമനോവിച്ച്

Update: 2025-09-06 10:19 GMT

കൊച്ചി: മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന പുതിയ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. 'അന അൽ മാലിക്...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് സിനിമയിൽ അവതരിപ്പിക്കുന്ന ആന്ദ്രേ നിക്കോള എന്ന കഥാപാത്രവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കിടിലൻ ഗെറ്റപ്പിലാണ് വുകോമനോവിച്ചും ചിത്രത്തിലെ നായകനായ നോബിൾ ബാബുവുമുള്ളത്.

ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്നാണ് വരികളെഴുതിയിരിക്കുന്നത്. ഹരിബ് ഹുസൈനും അനില രാജീവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ആകാംക്ഷയും വിസ്മയവും നിറയ്ക്കുന്ന രംഗങ്ങളിലൂടെ വിനീത് ശ്രീനിവാസൻ സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്ന സൂചന നൽകിയിരുന്നു.

'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'കരം'. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് നിർമ്മാതാവായി വീണ്ടും എത്തുന്നു. നോബിൾ ബാബു നായകനാകുന്ന ഈ ത്രില്ലർ ചിത്രം 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമെന്ന പ്രത്യേകതയും നൽകുന്നു. 1955ൽ മെറിലാൻഡ് പുറത്തിറക്കിയ 'സി.ഐ.ഡി' എന്ന മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലറിന് 70 വർഷം തികയുന്ന വേളയിലാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്.

ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തികൾ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും പൂർത്തിയായത്. ഷിംല, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ഷൂട്ടിങ് നടന്നു. ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കൊച്ചിയിൽ നടന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News