കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസ്; 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' നവംബർ 14 മുതൽ; സ്ട്രീമിംഗ് സീ5 പ്ലാറ്റ്‌ഫോമിൽ; ട്രെയിലർ പുറത്ത്
കൊച്ചി: കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസ് എന്ന വിശേഷണത്തോടെ 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' പ്രേക്ഷകരിലേക്ക് എത്തുന്നു. നവംബർ 14 മുതൽ സീ5 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ഈ പുതിയ മലയാളം ഒറിജിനൽ സീരീസിൻ്റെ ട്രെയിലർ നടൻ ദിലീപ് പുറത്തിറക്കി.
സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിൽ ശബരീഷ് വർമയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണ നായർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വീണ നായർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന സുനീഷ് വരനാടാണ്. ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' ഭയത്തോടൊപ്പം ഹാസ്യവും ഉദ്വേഗവും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ പറഞ്ഞു. ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരീസ് വിഷയമാക്കുന്നത്. ഭയത്തിന് അടിമയായ ഒരു സബ് ഇൻസ്പെക്ടറെ, നാട്ടുകാർ 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റാൻ ചുമതലപ്പെടുത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഒരു സാധാരണ സ്ഥലംമാറ്റമായി തോന്നുന്നത് ക്രമേണ ഭീതിജനകമായ അന്വേഷണങ്ങളിലേക്ക് വഴിമാറുന്നു.
ശബരീഷ് വർമ തൻ്റെ കഥാപാത്രമായ വിഷ്ണുവിനെക്കുറിച്ച് പറയുന്നതിങ്ങനെ: "ഈ കഥാപാത്രം ഞാൻ മുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രേക്ഷകർ ഈ സീരീസ് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്."
'കമ്മട്ടം' എന്ന സൂപ്പർഹിറ്റ് സീരീസിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ശേഷം മികച്ച ഉള്ളടക്കം മലയാള പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണെന്ന് സീ5 മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡൻ്റും ബിസിനസ് ഹെഡുമായ ലോയിഡ് സി. സേവ്യർ പറഞ്ഞു. 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' ഒരു മികച്ച ദൃശ്യാനുഭവം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
