മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം; ശ്യാമപ്രസാദും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരുക്കുന്നത് രഞ്ജിത്ത്; ശ്രദ്ധനേടി 'ആരോ'യുടെ പോസ്റ്റർ
കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ആദ്യത്തെ ഹ്രസ്വചിത്രമായ 'ആരോ'യുടെ പോസ്റ്റർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പോസ്റ്റർ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കയ്യിൽ കട്ടൻചായയുമായി ശ്യാമപ്രസാദ് മഞ്ജു വാര്യരെ നോക്കി നിൽക്കുന്നതും, ദൂരെ നിന്ന് വരുന്ന മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം. പഴയ രഞ്ജിത്ത് ചിത്രങ്ങളുടെ പ്രതീതി ഉളവാക്കുന്നതാണ് പോസ്റ്ററെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏറെ നാളുകൾക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ആരോ' നിർമ്മിച്ചിരിക്കുന്നത്.
ശ്യാമപ്രസാദിനും മഞ്ജു വാര്യർക്കും പുറമെ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബിജിബാലാണ് സംഗീതം നിർവഹിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈൻ, രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. 'കൈയൊപ്പ്', 'ബ്ലാക്ക്', 'പ്രജാപതി', 'പുത്തൻപണം', 'പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്', 'കടൽ കടന്നൊരു മാത്തുക്കുട്ടി', 'പാലേരി മാണിക്യം' തുടങ്ങിയ നിരവധി വിജയ ചിത്രങ്ങൾ രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിട്ടുണ്ട്.