'അള്ളോ..ഇത് നമ്മടെ ബിലാലിക്കയല്ലേ..'; മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പുതിയ വീഡിയോ കണ്ട് ആരാധകർക്ക് ആവേശം; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് ചർച്ചകൾ

Update: 2025-09-12 14:23 GMT

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പുതിയ വിഡിയോ ആരാധകരിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടി, ഉടൻ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുമെന്ന സൂചനകളാണ് ഈ വിഡിയോ നൽകുന്നത്.

ഏകദേശം 15 സെക്കൻഡ് ദൈർഘ്യമുള്ളതും എന്നാൽ ഉദ്ദേശ്യം വ്യക്തമാക്കാത്തതുമായ വിഡിയോ, ആകാംഷ നിറഞ്ഞ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ഷാനി ഷാക്കിയെയും വിഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്. സ്റ്റൈലിഷ് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയെ കാണാം. 'കാത്തിരിപ്പ് നീളില്ല' എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ഈ വിഡിയോ, ഒരു ടീസറിനെ അനുസ്മരിപ്പിക്കുന്നു.

വിഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 'ടർബോ' എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ വിഡിയോ ആയിരിക്കാം ഇതെന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ, മറ്റുചിലർ ഇത് 'ബിഗ് ബി' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതാകാം എന്നും അഭിപ്രായപ്പെടുന്നു. 'മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു' എന്ന് വിഡിയോയിൽ പറയുന്നതിനാൽ ഇതൊരു പരസ്യചിത്രമായിരിക്കില്ലെന്നും പലരും നിരീക്ഷിക്കുന്നു.

Tags:    

Similar News