'മാര്‍ക്കോ' യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ 21കാരൻ പിടിയിൽ; പ്രതി കുടുങ്ങിയത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

Update: 2024-12-27 09:40 GMT

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയേറ്ററിൽ പ്രദർശനം തുടരുന്ന 'മാര്‍ക്കോ' എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് വ്യാജ പതിപ്പുമായി ബന്ധപ്പെട്ട് യുവാവ് പോസ്റ്റിട്ടത്. തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്‍റെ പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് യുവാവിന്‍റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്‍റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന് പരാതി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിൽ നൽകിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നൽകിയത്. പരാതി നല്‍കാനായി നടന്‍ ഉണ്ണി മുകുന്ദനും എത്തിയിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. പരാതിയില്‍ സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പോലീസ് കേസെടുത്തിരിന്നത്.  

Tags:    

Similar News