മൗത്ത് പബ്ലിസിറ്റി ഗുണമായി; മൂന്നാം ദിനവും നേട്ടമുണ്ടാക്കി ഫഹദ്-വടിവേലു ചിത്രം; മരീശന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്

Update: 2025-07-28 13:46 GMT

ചെന്നൈ: വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ വടിവേലു-ഫഹദ് ഫാസിൽ കോമ്പോയുടെ ചിത്രമായിരുന്നു 'മാരീശൻ'. 'മാമന്നൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ശങ്കര്‍ ആണ്. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതൽ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2025 ജൂലൈ 25ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മൂന്നാം ദിവസം 1.39 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. ചിത്രത്തിന്റെ ആകെ 3.51 കോടി രൂപയാണ് എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ദിനം ചിത്രം നേടിയത് 75 ലക്ഷമായിരുന്നു. രണ്ടാം ദിനം ഇത് 1.11 കോടിയായും വര്‍ധിച്ചു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 1.86 കോടി രൂപയാണ്.

മറവിരോഗമുള്ള ആളാണ് വടിവേലുവിന്‍റെ കഥാപാത്രമെന്നാണ് സൂചന. ഇയാളില്‍ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിന്‍റെ കഥാപാത്രം. ഇരുവരും ഒരുമിച്ച് തിരുവണ്ണാമലൈ വരെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം 'വില്ലാളി വീരന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ മാരീസന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Tags:    

Similar News