'ഇനിയാണ് നമ്മൾ മനശാസ്ത്രപരമായി നീങ്ങാൻ പോവുന്നത്..'; സ്കൂൾ കാലഘട്ടത്തിലെ രസകരമായ മുഹൂർത്തങ്ങളുമായി 'സ്താനാർത്തി ശ്രീക്കുട്ടൻ'; കുട്ടികൾക്കൊപ്പം അജു വർഗീസ്സും സൈജു കുറുപ്പും; ടീസർ പുറത്ത്
കുട്ടികളുടെ സ്കൂൾ കാലഘട്ടത്തിലെ തമാശയും, പ്രണയവുമെല്ലാം പ്രമേയങ്ങളായ നിരവധി ചിത്രങ്ങൾ മലയാള സിനിമയിലുണ്ട്. അത്തരത്തിൽ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. 'സ്താനാർത്തി ശ്രീക്കുട്ടൻ' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിനേഷ് വിശ്വനാഥ് ആണ്. നർമ്മത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്. സ്കൂൾ കാലഘട്ടത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം അജു വർഗീസും, സൈജു കുറുപ്പും കോമഡി വേഷങ്ങളിൽ എത്തുന്നതോടെ ചിത്രം തീയേറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ജോണി ആന്റണി, ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെ ഓഡിഷൻ വഴിയാണ് കണ്ടെത്തിയത്. ശേഷം സാം ജോർജിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് 15 ദിവസത്തെ അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകർ നൽകിയിരുന്നു. അനൂപ് വി ഷൈലജ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈലാഷ് എസ് ഭവൻ ആണ്. പി എസ് ജയഹരിയുടെ സംഗീതത്തിന് വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്.