'പുഴു' സംവിധായക റത്തീനയുടെ 'പാതിരാത്രി'; നവ്യ നായർ, സൗബിൻ ഷാഹിർ പ്രധാനവേഷങ്ങളിൽ; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്
കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രം 2025 ഒക്ടോബർ 17-ന് ആഗോള റിലീസിന് തയ്യാറെടുക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ വിതരണക്കാർ. 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'പാതിരാത്രി' ഒരു ത്രില്ലർ ചിത്രമായിരിക്കും. നവ്യ നായർ അവതരിപ്പിക്കുന്ന ജാൻസിയും സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന ഹരീഷും പോലീസ് ഉദ്യോഗസ്ഥരായാണ് ചിത്രത്തിൽ എത്തുന്നത്. ഇവരുടെ ജീവിതവും അന്വേഷണങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൻ്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു, ഇത് പ്രേക്ഷകർക്കിടയിൽ വലിയ ആകാംഷയുണർത്തിയിട്ടുണ്ട്. ഉദ്വേഗം നിറഞ്ഞ അന്വേഷണത്തോടൊപ്പം വൈകാരികമായ ഒരു കഥയും ചിത്രം പറയുന്നുണ്ട്.
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്. ഷാജി മാറാട് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ടി സീരീസ് ചിത്രത്തിൻ്റെ സംഗീത അവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.