ഷൂട്ടിങ്ങിനെത്തിയ സൂപ്പര്‍ താരത്തിന് വന്‍ വരവേല്‍പ്പ്; ശ്രീലങ്കന്‍ ടൂറിസത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റില്‍ നിന്നും സൂചന കിട്ടി; പിന്നാലെ ലങ്കന്‍ മാധ്യമത്തിന് അഭിമുഖവും; ഒടുവില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍

Update: 2025-06-24 16:46 GMT

കൊളംബോ: മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന നാള്‍ മുതല്‍ ചിത്രത്തിന്റെ പേര് എന്തെന്നറിയാനുള്ള കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ആ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ കഴിഞ്ഞ വാരമാണ് ശ്രീലങ്കയില്‍ ആരംഭിച്ചത്, നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന പോസ്റ്റ് വന്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റില്‍ സിനിമയുടെ പേര് പേട്രിയറ്റ് എന്നാണ് പറഞ്ഞിരുന്നത്. പേര് വെളിപ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമയുടെ പേര് അതല്ലെന്ന ചര്‍ച്ചകളും വന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ പേര് പേട്രിയറ്റ് ആണെന്ന് സ്ഥിരീകരിച്ച് മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്. ഒരു ശ്രീലങ്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മോഹന്‍ലാല്‍ സിനിമയുടെ പേര് പേട്രിയറ്റ് ആണെന്ന് പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഷൂട്ടിങ്ങിനെത്തിയ മോഹന്‍ലാലിന് വലിയ സ്വീകരണമാണ് ശ്രീലങ്കയില്‍ ലഭിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു ശ്രീലങ്കന്‍ മാധ്യമത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്. ഇതിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ശ്രീലങ്കയില്‍ എത്തിയതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

'ഇതെന്റെ രണ്ടാം സന്ദര്‍ശനമാണ്. നേരത്തെ ഒരു ഷെഡ്യൂളിന് ഇവിടെ വന്നിരുന്നു. ഒരുവലിയ ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. താരനിരയുടെ കാര്യത്തിലാണ് ചിത്രം വലുതാവുന്നത്. ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധിപ്പേര്‍. 'പേട്രിയറ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം സംഭവിക്കുന്നത്. ഇന്ത്യ, ബാക്കു, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ഏതാനും ഭാഗങ്ങള്‍ ശ്രീലങ്കയിലുമായാണ് ചിത്രീകരണം', എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍.

Similar News