ഇനി സൂപ്പർ സ്റ്റാറിനൊപ്പം; രജനികാന്ത് ചിത്രത്തിൽ വേഷമിടാൻ രാജേഷ് മാധവൻ; തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് 'ജയിലർ 2'വിൽ

Update: 2025-09-14 16:05 GMT

ചെന്നൈ: രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കുന്ന 'ജയിലർ 2' ചിത്രത്തിൽ മലയാളി താരം രാജേഷ് മാധവനും. നടൻ്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ 'കണ്ണേറ്' എന്ന ഒറ്റ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാജേഷ് മാധവൻ, 'റാണി പത്മിനി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. അസിസ്റ്റൻ്റ് ഡയറക്ടറായും സംവിധായകനായും തിളങ്ങിയതിന് ശേഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

'ന്നാ താൻ കേസ് കൊട്', 'കനകം കാമിനി കലഹം', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'മദനോത്സവം', 'തിങ്കളാഴ്ച നിശ്ചയം' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിൻ്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ', 'ധീരൻ' എന്നീ ചിത്രങ്ങളിൽ നായകനായും തിളങ്ങിയ രാജേഷ് മാധവൻ 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

'ജയിലർ 2' വിൽ ഇതിനോടകം കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ജോയിൻ ചെയ്തിട്ടുണ്ട്. രജനികാന്തിനൊപ്പം ശിവരാജ് കുമാറിൻ്റെ കോമ്പിനേഷൻ രംഗങ്ങളാണ് നിലവിൽ ചിത്രീകരിക്കുന്നത്. നിരവധി മലയാള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, ഷംന കാസിം എന്നിവരാണ് പ്രധാന മലയാളി താരങ്ങൾ. അതേസമയം, മോഹൻലാൽ അതിഥി താരമായി എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ, ബോളിവുഡിൽ നിന്ന് ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്. രമ്യകൃഷ്ണൻ, മിർണ മേനോൻ, യോഗി ബാബു, വസന്ത്, സുനിൽ, വി.ടി.വി ഗണേഷ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ. നിർമ്മലുമാണ്. സൺ പിക്ചേഴ്സാണ് നിർമ്മാണം. 

Tags:    

Similar News