ആർഎസ്എസിനെ മോശമായി ചിത്രീകരിക്കുന്നു; സിനിമ മത-സാമുദായിക ഐക്യം തകർക്കും; ഷെയിൻ നിഗം നായകനാകുന്ന 'ഹാൽ' ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: നവാഗത സംവിധായകൻ വീര ഒരുക്കുന്ന 'ഹാൽ' എന്ന സിനിമ മത-സാമുദായിക ഐക്യം തകർക്കുമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് ആർഎസ്എസ് നേതാവ്. ചിത്രത്തിൽ ആർഎസ്എസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട്. ചേരാനല്ലൂർ ആർഎസ്എസ് ശാഖയുടെ മുഖ്യശിക്ഷക് എം.പി. അനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്.
ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് എം.പി. അനിൽ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്നും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. മൊത്തം 19 വെട്ടുകളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഷെയിൻ നിഗം നായകനാകുന്ന 'ഹാൽ' ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഷെയിൻ നിഗത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.