ശ്വേത മോനോന്‍ ബോള്‍ഡായ നടി; കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍; ചിലര്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കാനായിരിക്കും: മന്ത്രി സജി ചെറിയാന്‍

ശ്വേത മോനോന്‍ ബോള്‍ഡായ നടി

Update: 2025-08-10 11:51 GMT

തിരുവനന്തപുരം: 'അമ്മ' സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനായിരിക്കാം ചിലര്‍ ശ്വേതാ മേനോനെതിരെ പ്രവര്‍ത്തിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വളരെ ബോള്‍ഡായ, മികച്ച നടിയാണ് ശ്വേത. അവര്‍ സമ്പത്തിനുവേണ്ടി തെറ്റായകാര്യങ്ങള്‍ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കില്ല. ശ്വേതക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

സിനിമാ രംഗത്ത് പരസ്പരം യോജിച്ച് കാര്യങ്ങള്‍ കൊണ്ടുപോകണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിച്ചത് അതിന്റെ ഭാഗമായാണ്. ഈ യോജിപ്പൊന്നും പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കേസ് നില്‍ക്കില്ലെന്നും കേസ് നിയമപരമായ വഴിക്ക് പോകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമ സംഘടനകളില്‍ സ്ത്രീകള്‍ നേതൃരംഗത്തേക്ക് വരണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമ സംഘടനയ്ക്ക് ഉള്ളില്‍ ഉള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചലച്ചിത്ര നയം വരുമ്പോള്‍ പല പ്രശനങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. സംസ്ഥാന സിനിമ നയം മൂന്ന് മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നതും പൊലീസ് കേസെടുത്തതും. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ ടി നിയമത്തിലെ 67 (മ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നടി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News