മോളിവുഡിൽ നിന്നും മറ്റൊരു റീ റിലീസ്; അധോലോക നായകൻ അലക്‌സാണ്ടർ വീണ്ടും വരുന്നു; 4K ഡോൾബി അറ്റ്മോസിൽ പ്രദർശനത്തിനൊരുങ്ങി 'സാമ്രാജ്യം'
കൊച്ചി: 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുത്തൻ സാങ്കേതിക മികവോടെ മമ്മൂട്ടി ചിത്രം 'സാമ്രാജ്യം' വീണ്ടും പ്രേക്ഷകരിലേക്ക്. സെപ്റ്റംബർ 19-ന് ചിത്രം 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ സംവിധാനം ചെയ്ത ചിത്രമാണിത്.
തൊണ്ണൂറുകളിൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു 'സാമ്രാജ്യം'. അന്നത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും ഇത് നേടിയിരുന്നു. മമ്മൂട്ടിയുടെ അവതരണ മികവും ചിത്രത്തിൻ്റെ ദൃശ്യഭംഗിയും ദേശീയ തലത്തിലും സ്വീകാര്യത നേടികൊടുത്തിരുന്നു. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ചിത്രം ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.
ഇളയരാജയുടെ സംഗീത സംവിധാനവും ചിത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു. അധോലോക നായകൻ അലക്സാണ്ടറായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്. ജയനൻ വിൻസൻ്റാണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഹരിഹര പുത്രനാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യാ, സോണിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.