27 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങി 'സമ്മർ ഇൻ ബത്‌ലഹേം'; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-11-13 16:09 GMT

കൊച്ചി: 1998-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ 'സമ്മർ ഇൻ ബത്‌ലഹേം' 27 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 12-ന് 4K ഡോൾബി അറ്റ്‌മോസ് നിലവാരത്തിൽ ചിത്രം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

സിബി മലയിൽ സംവിധാനം ചെയ്ത് രഞ്ജിത്ത് തിരക്കഥ രചിച്ച ഈ ചിത്രം, സിയാദ് കോക്കർ നിർമ്മിച്ചതാണ്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാൽ അതിഥി വേഷത്തിലും എത്തിയ ചിത്രം, മലയാള സിനിമയുടെ വികാരനിർഭരമായ ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വിദ്യാസാഗറിൻ്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവയോടൊപ്പം കോക്കേഴ്സ് ഫിലിംസും ചേർന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന ഈ കാലഘട്ടത്തിൽ, 'സമ്മർ ഇൻ ബത്‌ലഹേം' അതിൻ്റെ ശക്തമായ കഥാപാത്രസൃഷ്ടി, സംഗീതം, ദൃശ്യഭംഗി എന്നിവ കൊണ്ട് പുതിയ തലമുറയെയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

Tags:    

Similar News