'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; ബോക്സ്ഓഫീസ് തൂക്കാൻ ആമിർ അലി എത്തുന്നു; ‘ഖലീഫ’യുമായി പൃഥ്വിരാജ്; ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന പുതിയ ചിത്രമായ ‘ഖലീഫ’യുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. ‘ദ് ബ്ലഡ് ലൈൻ’ എന്ന ടൈറ്റിലോടെ പുറത്തിറങ്ങിയ പ്രൊമോഷണൽ വീഡിയോ, നടൻ്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
‘പോക്കിരി രാജ’യ്ക്ക് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ സഹനിർമ്മാതാവാണ്. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടാഗ്‌ലൈൻ 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നതാണ്.
‘ഖലീഫ’യിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് ആമിർ അലി എന്നാണ്. ഈ കഥാപാത്രത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംപ്‌സ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. വൈശാഖ്, ജിനു എബ്രഹാം, പൃഥ്വിരാജ് എന്നിവർ മുൻപ് ഒന്നിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.