'ഇന്ത്യയുടെ മസിൽ അളിയൻ', സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ!'; ഉണ്ണി മുകുന്ദന് വരാനിരിക്കുന്നത് രണ്ട് ഹിന്ദി ചിത്രങ്ങൾ; പ്രഖ്യാപനവുമായി റിലയൻസ് എന്റർടെയ്ൻമെന്റ്സ്
കൊച്ചി: നടൻ ഉണ്ണിമുകുന്ദനെ നായകനാക്കി രണ്ട് ബോളിവുഡ് ചിത്രങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാണ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റ്‌സ്. താരത്തിന്റെ ജന്മദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. 'ഇന്ത്യയുടെ മസിൽ അളിയൻ' എന്ന് വിശേഷിപ്പിക്കുന്ന ഉണ്ണിമുകുന്ദൻ ഈ ചിത്രങ്ങളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും എന്ന കുറിപ്പോടെയാണ് താരത്തിന് റിലയൻസ് എന്റർടൈൻമെന്റ്‌സ് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, നടന് ജന്മദിനാശംസകൾ നേരുന്നതിനൊപ്പം, ഈ പ്രഖ്യാപനത്തിന് ഇതിലും മികച്ച ഒരു ദിവസം ഉണ്ടാകില്ലെന്നും അവർ കുറിച്ചു. 'മാമാങ്കം' എന്ന ചിത്രത്തിന് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമെന്ന നിലയിൽ ശ്രദ്ധ നേടിയ ഉണ്ണിമുകുന്ദന് ഇത് ഒരു വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഉണ്ണിമുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന 'മാ വന്ദേ' എന്ന പാൻ-ഇന്ത്യൻ ചിത്രം ഉടൻ റിലീസ് ചെയ്യും. ഇതിന്റെ പുതിയ പോസ്റ്റർ ഉണ്ണിമുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയിരുന്നു. ക്രാന്തി കുമാർ സി എച് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് ചിത്രം നിർമ്മിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ഉണ്ണിമുകുന്ദൻ വേഷമിടുന്നുണ്ട്.