''വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക്''; ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പുത്തൻ അപ്ഡേറ്റ് പുറത്തു വിട്ട് നിർമാതാക്കൾ; ചിത്രം ഉടൻ തീയേറ്ററുകളിൽ

Update: 2024-10-06 10:11 GMT

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി എത്തുന്ന 'മാർക്കോ'യുടെ പുത്തൻ അപ്ഡേറ്റുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിലാണ് എത്തുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ്, എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ'യുടെ പുത്തൻ അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുനിന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഫസ്റ്റ് പോസ്റ്റർ മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാർക്കോ'. ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. 'വയലൻസ് ഇൻകമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്' എന്ന പോസ്റ്ററുമായാണ് മാർക്കോയുടെ റിലീസ് പ്രഖ്യാപനം പുറത്തുവിട്ടത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്.

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായാണ് 'മാർക്കോ' എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 5 ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്.

നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി ബ്രസൂരിന്റെ ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), എന്നിവരും ചിത്രത്തിൽ മാറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ പുരഗമിക്കുകയാണ്.

Tags:    

Similar News