ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ'; ആടുജീവിതത്തിന് ശേഷം വീണ്ടും ഞെട്ടിക്കാൻ ഗോകുൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ജനുവരി 30ന് തീയറ്ററുകളിൽ
കൊച്ചി: ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ ചിത്രം 'വലതുവശത്തെ കള്ളനി'ൽ കെ.ആർ. ഗോകുൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബ്ലെസ്സിയുടെ 'ആടുജീവിതം' എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ, ഈ ചിത്രത്തിലും നിർണ്ണായക വേഷത്തിലെത്തുന്നു. ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ഈ ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും.
'വലതുവശത്തെ കള്ളനി'ൽ ബിജു മേനോൻ അവതരിപ്പിക്കുന്ന ആൻറണി സേവ്യർ എന്ന കഥാപാത്രത്തിൻ്റെ മകനായ ഫിലിപ്പ് ആൻറണി എന്ന വേഷമാണ് കെ.ആർ. ഗോകുലിന്. ജോജു ജോർജ്ജ് സാമുവൽ ജോസഫ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
'ദൃശ്യം', 'ദൃശ്യം 2', 'മെമ്മറീസ്', 'നേര്' തുടങ്ങി മലയാളത്തിലെ നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സംരംഭമാണിത്. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. ഡിനു തോമസ് ഈലൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ വിതരണം ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സ് ഏറ്റെടുത്തിരിക്കുന്നു.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് എഡിറ്റിംഗും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിനായക് ശശികുമാർ ഗാനരചനയും അർഫാസ് അയൂബ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ലിൻഡ ജീത്തു വസ്ത്രാലങ്കാരവും ഷബീർ മലവെട്ടത്ത് പ്രൊഡക്ഷൻ കൺട്രോളറും ജയൻ പൂങ്കുളം മേക്കപ്പും പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.