ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ള'ന്റെ ടീസർ പുറത്ത്; ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും

Update: 2026-01-05 13:28 GMT

കൊച്ചി: പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'വലതുവശത്തെ കള്ളന്റെ' ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 2024 ജനുവരി 30-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിന് മുൻപായി ജീത്തു ജോസഫ് ഒരുക്കുന്ന പ്രധാന പ്രോജക്റ്റ് കൂടിയാണിത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. ഡിനു തോമസ് ഈലൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ വിതരണം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ് ഏറ്റെടുത്തിരിക്കുന്നത്. 'മുറിവേറ്റൊരാത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്‌ലൈനോടെയാണ് 'വലതുവശത്തെ കള്ളന്റെ' ടൈറ്റിൽ ലുക്ക് മുൻപ് പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ദുരൂഹമായൊരു കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുറ്റാന്വേഷണ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. 'മൈ ബോസ്', 'മമ്മി ആൻഡ് മി', 'മെമ്മറീസ്', 'ദൃശ്യം', 'ദൃശ്യം 2', 'കൂമൻ', 'നേര്' തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ പുതിയ കുറ്റാന്വേഷണ ചിത്രം പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്.

Full View

എഡിറ്റിംഗ് വിനായകും, പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവുമാണ്. വിഷ്ണു ശ്യാം സംഗീതവും വിനായക് ശശികുമാർ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. അർഫാസ് അയൂബ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ലിൻഡ ജീത്തു വസ്ത്രാലങ്കാരവും, ഷബീർ മലവെട്ടത്ത് പ്രൊഡക്ഷൻ കൺട്രോളറായും, ജയൻ പൂങ്കുളം മേക്കപ്പായും പ്രവർത്തിക്കുന്നു. വി.എഫ്.എക്സ് ടോണി മാഗ് മിത്തും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കത്തീന ജീത്തു, മിഥുൻ എബ്രഹാം എന്നിവരുമാണ്. സാബി ഹംസയാണ് സ്റ്റിൽസ്. ഇല്യുമിനാർടിസ്റ്റ് പബ്ലിസിറ്റി ഡിസൈൻസും, ടിങ് ഡിജിറ്റൽ മാർക്കറ്റിംഗും, ആതിര ദിൽജിത്ത് പി.ആർ.ഒ.യും നിർവഹിക്കുന്നു.

Tags:    

Similar News