ഇതാ കിം കി ഡുക്ക് സ്റ്റെലില്‍ ഒരു മലയാളം മൂവി; ഒരു രാത്രിയില്‍ അവിചാരിതമായി രണ്ടു സ്ത്രീകളുടെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടു പുരുഷന്‍മ്മാര്‍; പ്രതീക്ഷ കാത്ത് പ്രജേഷ് സെന്‍; സീക്രട്ട് ഓഫ് വിമന്‍ ഒരു വ്യത്യസ്ത ചിത്രം
കിം കി ഡുക്ക് സിനിമകളിലെ വന്യമായ ചില കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ. ഉള്ളില്‍ ദുരൂഹതയുടെ ശാന്തസമുദ്രത്തെയേറുന്നവര്‍! ദ ഐല്‍, സമരിറ്റന്‍ഗേള്‍, ദ ബോ തുടങ്ങിയ ഒരുപാട് ചിത്രങ്ങളിലൂടെ മലയാളി ഫിലിംഫെസ്റ്റിവല്‍ പ്രേമികളുടെ പ്രിയപ്പെട്ടവനായ 'കിമ്മേട്ടന്റെ' ഇത്തരം ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കയാണ്, ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സീക്രട്ട് ഓഫ് വിമന്‍. കത്തുന്ന ജീവിത യാഥര്‍ത്ഥ്യങ്ങള്‍ സൃഷ്ടിച്ച കരുത്തിലുടെയാണ്, ഈ ചിത്രത്തിലെ രണ്ട് സ്ത്രീകളും അതിജീവിക്കുന്നത്.
റിലീസ് ചെയ്യുന്നതിനു മുമ്പ്, നിരവധി അംഗീകാരങ്ങള്‍ കിട്ടിയ ചിത്രമാണിത്. നിരവധി അന്താരാഷ്ട്ര ചലച്ചിതോത്സവങ്ങളിലേക്കും ക്ഷണം കിട്ടി. എന്നുവെച്ച് ഇത് ഒരു സോ കോള്‍ഡ് ആര്‍ട്ട് മൂവിയല്ല. വര്‍ത്തമാനകാല മലയാളിക്ക് തീര്‍ത്തും, റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമയാണിത്.
രണ്ടുസ്ത്രീകളും രണ്ട് പുരുഷന്‍മ്മാരും
ജീനയുടെയും ഷീലയുടെ ജീവിതത്തിലേക്ക് രണ്ടുപുരുഷന്‍മ്മാര്‍ അപ്രതീക്ഷിത അതിഥികളായി എത്തുകയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള, നഗരമധ്യത്തിലെ ഒരു ഫ്ളാറ്റില്‍ ജീവിക്കുമ്പോഴും, സ്വകാര്യതപോലുമില്ലാതെ, ഏത് നിമിഷവും വന്നെത്താവുന്ന മരണത്തെ ഭയന്ന് കഴിയുകയാണ് ജീന ( ചിത്രത്തില്‍ നിരഞ്ജന അനൂപ്). എന്നാല്‍ ഷീലയാവട്ടെ, യാതൊരു ആധുനിക സൗകര്യവുമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട്, കൊച്ചി കായലിലെ ഒരു തുരുത്തിലാണ് ജീവിക്കുന്നത്. വൈദ്യുതിപോലുമില്ലാതെ മണ്ണെണ്ണ വിളക്കില്‍ രാത്രി കഴിച്ചുകൂട്ടുന്ന ഷീലയുടെയും, ( ചിത്രത്തില്‍ സുമ ദേവി) മനുഷ്യത്തുരുത്തായ ഫ്ളാറ്റിനകത്ത് ജീവിക്കുന്ന ജീനയുടെ പ്രശ്നങ്ങള്‍ പക്ഷേ ഏതാണ്ട് ഒരുപോലെയാണ്. ടോക്സിക്കായ ബന്ധങ്ങളും, മോറല്‍ പൊലീസിങ്ങുമൊക്കെ. തങ്ങളുടെ തലക്കുമുകളില്‍ വളരുന്ന ഈ സാധനങ്ങളില്‍നിന്ന് അവര്‍ എങ്ങനെ അതിജീവിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ആത്മാവ്.
ഒരുകാര്യം ഉറപ്പായി പറയാം. നിങ്ങള്‍ വ്യത്യസ്തമായ കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന ആളാണെങ്കില്‍ ഈ കൊച്ചു ചിത്രത്തോടും ഇഷ്ടം കൂടാം. ക്യാപ്റ്റന്‍, വെള്ളം, എന്നീ മികച്ച ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച പ്രജേഷ് സെന്‍ ഇത്തവണയും പ്രതീക്ഷ കാത്തു. ആദ്യപകുതിയിലെ പല ഭാഗത്തും ചിത്രം വേള്‍ഡ്ക്ലാസ് ഷോട്ടുകളിലേക്ക് പോവുന്നുണ്ട്. തുരുത്തിന്റെ ആകാശ ദൃശ്യങ്ങളില്‍, രണ്ടു സ്ത്രീകളിലേക്ക് വന്നുചേരുന്ന പുരുഷന്‍മ്മാരുടെ മാറിമാറിയുള്ള കട്ട് ഷോട്ടുകളില്‍, കൊച്ചി നഗരത്തിന്റെ തിളയ്്ക്കുന്ന ദൃശ്യങ്ങളില്‍ ഒക്കെയുണ്ട്് ആ വേള്‍ഡ് ക്ലാസ്.
മലയാളത്തില്‍ നായികമാര്‍ എവിടെ, കരുത്തരായ സ്ത്രീ കഥാപാത്രങ്ങള്‍ എവിടെ എന്ന് അലാറംവെച്ച് എന്നപോലെ വീഡിയോ ചെയ്യുന്നവര്‍ കാണണ്ട സിനിമയാണിത്. നിരഞ്ജന അനൂപും, സുമദേവിയും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. സുമദേവിയുടെ തുരുത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന, ഒരുപാട് രഹസ്യങ്ങള്‍ പേറുന്ന സ്ത്രീ, മലയാളം സമീപകാലത്തുകണ്ട ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ്. മലയാള സിനിമക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടാവുന്ന നടിയാണിവര്‍. നടി നിരഞ്ജന അനൂപിന്റെയും കരിയര്‍ ബെസ്റ്റാണ് ഈ ചിത്രം. അജുവര്‍ഗീസും, ശ്രീകാന്ത് മുരളിയും ഒഴികെയുള്ള മറ്റ് അഭിനേതാക്കളൊക്കെ ഏതാണ്ട് പുതുമുഖങ്ങളാണ്. ലീഡ് റോളുകളില്‍ എത്തിയ അധീഷ് ദാമോദരന്‍, മിഥുന്‍ വേണുഗോപാല്‍ എന്നിവരും കയറിവരുമെന്ന് ഉറപ്പുള്ള നടന്‍മ്മാരാണ്. ഇഴകീറി നോക്കിയാലും ഇവരുടെ പ്രകടനത്തിലൊന്നും ഒരു കുറ്റവും കണ്ടുപിടിക്കാന്‍ കഴിയില്ല.
സീക്രട്ട് ഓഫ് മെന്‍!
നിധീഷ് നടേരി എഴുതി, ഷഹബാസ് അമന്‍ പാടിയ 'നഗരമേ തരിക നീയെന്‍ ഹൃദയം' എന്ന പാട്ടിന്റെ ഫീല്‍ ഒന്നുവേറെയാണ്. രണ്ടുനേരം കേട്ടാല്‍ ബോറടക്കിന്നു ആധുനിക ഡപ്പാക്കൂത്തുകള്‍ക്കിടയില്‍ ഈ ഗാനം വേറിട്ട് നില്‍ക്കുന്നു. ജാനകി ഈശ്വര്‍ ആലപിച്ച ഇംഗ്ലീഷ് ഗാനവും ചിത്രത്തിന്റെ മൂഡിനെ ബില്‍ഡപ്പ് ചെയ്യുന്നുണ്ട്. എടുത്തുപറയേണ്ടതാണ് ഈ ചിത്രത്തിന്റെ ക്യാമറ. വര്‍ഷങ്ങളായി സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള ലെബിസണ്‍ ഗോപിയാണ് ചിത്രം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്. ചില രംഗങ്ങളിലൊക്കെ ഈ പടം, ഫിലിം ഫെസ്റ്റിവലിലെ വിദേശ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു.
വി വി പ്രദീപ്കുമാറിന്റെ കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ പ്രജേഷ് സെന്‍ തന്നെയാണ്. ഈ ചിത്രത്തിന്റെ ഡ്രോ ബാക്കായി പറയാനുള്ളത്, രണ്ടാം പകുതിയില്‍ സ്‌ക്രിപ്റ്റില്‍ വന്ന ചില കണ്‍ഫ്യൂഷനുകളാണ്. വിദേശ സിനിമകളിലൊക്കെ കാണുന്നതുപോലുള്ള, എല്ലാ ലോജിക്കല്‍ ഇവാലുവേഷനിലും എ പ്ലസ് വാങ്ങി ജയിക്കുന്ന ഒരു സ്്ക്രിപ്റ്റ് മലയാളത്തിന്റെ സ്വപ്നം മാത്രം! അതുപോലെ ആണത്തം, സ്വവര്‍ഗാനുരാഗം എന്ന വിഷയങ്ങള്‍ കൂട്ടികെട്ടി ചില സങ്കീര്‍ണ്ണതകളും ചിത്രത്തിനുണ്ട്.
സീക്രട്ട് ഓഫ് വിമന്‍ എന്ന് പേര് എഴുതിത്തുടങ്ങുന്നിടത്തുണ്ട് ചിത്രത്തിന്റെ മാജിക്ക്. സീക്രട്ട് ഓഫ് മെന്‍ എന്ന് ഇംഗ്ലീഷില്‍ വരത്തക്കരീതിയില്‍ ആദ്യമെഴുതി പിന്നെ അതിന്റെ മുന്നില്‍ ഡബ്ലിയു, ഒ അക്ഷരങ്ങള്‍ ചേര്‍ത്ത് വിമന്‍ ആക്കുകയാണ്. അതുതന്നെയാണ് ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്, സിനിമ തീരുമ്പോഴാണ് ബോധ്യമാവുക.
ചിത്രം അവസാനിക്കുന്നത് ഒരു ദുരൂഹ മന്ദഹാസത്തിന്റെ മുന്നിലാണ്. മൊണോലിസയുടെ ഇന്നും പ്രഹേളികയായ ആ പുഞ്ചിരി തന്നെയല്ലേ, ജീനയുടെയും ഷീലയുടെയും മുഖത്തുള്ളത്?
വാല്‍ക്കഷ്ണം: വൈഡ് റിലീസിങ്ങിന്റെ ഇക്കാലത്ത് താരബാഹുല്യമില്ലാത്ത ചിത്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നല്ല സിനിമയാണെന്ന് അറിഞ്ഞ് ആളുകള്‍ കാണാന്‍ വരുമ്പോഴേക്കും ചിത്രം മാറിയിരിക്കും.