മലയാളികളെ നാണം കെടുത്തുന്ന കുതറ വേഷത്തില്‍ ജയറാം; തറകോമഡിയും പെരും കത്തിയുമായ രംഗങ്ങള്‍; ക്ലീഷേ കഥ; രാം ചരണ്‍ ഫാന്‍സിന് തല ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ; ഇന്ത്യന്‍ 2 എട്ടുനിലയില്‍ പൊട്ടിയിട്ടും ഷങ്കര്‍ ഒന്നും പഠിച്ചില്ല; ഗെയിം ചേഞ്ചറും ഒന്നാന്തരം മലങ്കള്‍ട്ട്!

Update: 2025-01-15 05:51 GMT

എന്റെമ്മോ! എന്തൊരു വൃത്തികേട്. ഇത്രയൊക്കെ അരോചകമായി ഒരു സിനിമയെടുക്കാന്‍ കഴിയുമോ. അത് ഹിറ്റ്മേക്കര്‍ ഷങ്കറിന്റെ സംവിധാനത്തില്‍. രാജമൗലിയുടെ ആര്‍ ആര്‍ ആറിനുശേഷം പാന്‍ ഇന്ത്യന്‍ ഹീറോയായി മാറിയ, ആര്‍ സി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന, രം ചരണ്‍ തേജയെ നായകനാക്കി, ബ്രഹ്‌മാണ്ഡ സിനിമകളുടെ രാജാവ് ഷങ്കര്‍ എടുത്ത ഗെയിംചേഞ്ചര്‍ എന്ന തെലുഗ് ചിത്രം ഇത്ര വളിപ്പാവുമെന്ന് വിചാരിച്ചില്ല. അസഹനീയമായ വിഷ്വല്‍ ടോര്‍ച്ചറും, തലവേദനയുമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.

ഷങ്കറിന്റെ കാലം കഴിഞ്ഞുവെന്ന് അടിവരയിടുകയാണ് ഈ ഫ്ളോപ്പും. നേരത്തെ കമലഹാസനെ നായകനാക്കിയെടുത്ത ഇന്ത്യന്‍ 2, എട്ടുനിലയിലല്ല പതിനാല് നിലയില്‍ പൊട്ടിയിട്ടും അദ്ദേഹം ഒന്നും പഠിച്ചില്ല എന്നതിന്റെ തെളിവാണ് ഈ പടപ്പ്. ഇനി രാജമൗലിയുമായും, പ്രശാന്ത് നീലുമായും, സുകുമാറുമൊക്കെയായി, ഷങ്കറിനെ താരതമ്യം ചെയ്തുള്ള ചര്‍ച്ചകളുടെ പോലും ആവശ്യമില്ല.

ഒന്നാന്തരം മലങ്കള്‍ട്ടാണ് ഈ ചിത്രം. യുക്തിരാഹിത്യത്തിന്റെ ആറാട്ട്. കഥയും കഥാ സന്ദര്‍ഭങ്ങളും പഴഞ്ചനും ക്ലീഷേയുമാണ്. ഷങ്കറിന്റെ സ്ഥിരം പരിപാടിയായ അഴിമതിവിരുദ്ധ യുദ്ധമാണ് കഥ. ഐപിഎസ് കിട്ടി പിന്നെ ഐഎഎസ് നേടിയ കലക്ടറാണ് ചിത്രത്തിലെ നായകന്‍. രാം ചരണിന്റെ ഇന്‍ട്രോയൊക്കെ കത്തി എന്നാല്‍ പെരും കത്തിയാണ്. നമ്മുടെ കളക്ടര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടമാണ് പിന്നെയങ്ങോട്ട്. അരി വ്യാപാരിയെ പിടിക്കുന്നു, കഞ്ചാവ് പിടിക്കുന്നു, പെണ്‍വാണിഭം പിടിക്കുന്നു... അതിലും അവരാധങ്ങള്‍ വേറെയും ഉണ്ട്. ഒരു ഫയര്‍ എഞ്ചിന്‍ കയറാത്തതിനെ തുടര്‍ന്ന്, ഒരു ഷോപ്പിങ് മാള്‍ നമ്മുടെ കലക്ടര്‍, മിനിട്ടുകള്‍ക്കുള്ളില്‍ ബോംബ് വെച്ച് തകര്‍ക്കുകയാണ്! ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് എബിസിഡി ധാരണയുള്ള ഒരാള്‍ ഇതുപോലെ ഒരു സീന്‍ എഴുതിവെക്കുമോ? ഷങ്കറിന്റെ മസ്തിഷ്‌ക്കത്തിന് കാര്യമായി എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. ഇക്കാലത്ത് ഇതുപോലെ ബോംബ് കഥയൊക്കെ ചെയ്യാന്‍ വല്ലാത്ത ധൈര്യം വേണം. ക്ലൈമാക്സിലെ ഇലക്ഷന്‍ അഴിമതിയൊക്കെ കണ്ടാല്‍ തലയില്‍ കൈ വെച്ചുനോക്കും.

തീര്‍ത്തും അരോചകമായിട്ടാണ് ഇതിലെ കഥാപാത്രങ്ങള്‍ ഏറെയും. മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമൊക്കെ ഈ പടത്തില്‍പോയി കാണിച്ചുവെക്കുന്ന വഷളന്‍ തമാശകള്‍ കണ്ടാല്‍ തലകുനിച്ച് പോവും. ജയാറാമിനെപ്പോലെ, ഇത്രയും നല്ല വേഷങ്ങള്‍ ചെയ്ത നടന്‍മ്മാരൊന്നും, പത്തുകാശിനുവേണ്ടി അന്യഭാഷകളില്‍പോയി ഇങ്ങനെ തരം താഴരുത്. പത്മരാജന്‍ കൊണ്ടുവന്ന നടനാണ് താനെന്ന് ജയാറം മറന്നുപോവരുത്. മലയാളം ഇന്‍ഡസ്ട്രിക്കുതന്നെ മോശമാണ് ഇത്തരം കോപ്രായ വേഷങ്ങള്‍.

അതുപോയെ തറയാണ്, പുഷ്പയിലും ജയിലറിലുമൊക്കെ ഗംഭീര പ്രകടനം നടത്തിയ നടന്‍ സുനിലിന്റെ കഥാപാത്രവും. അങ്ങേയറ്റം അരോചകം. ഗര്‍ഭപാത്രത്തില്‍ ചരിഞ്ഞ് കിടന്നതിനാല്‍ പിന്നെ അങ്ങോട്ട് എന്തുചെയ്താലും ചരിഞ്ഞുപോവുന്ന ഒരു വിചിത്ര കഥാപാത്രം. കോമഡിക്കായി തട്ടിക്കൂട്ടിയ ഇത്രയും കോപ്രായങ്ങള്‍ കാണുമ്പോള്‍, സംവിധായകനെ പത്തലുവെട്ടി തല്ലാന്‍ തോന്നും! എം കൃഷ്ണന്‍ നായര്‍ എഴുതിയ പോലെ, ഇ പടം ചെയ്യുന്നനേരത്ത് ഷങ്കറിന് നാല് ഇഡ്ഡലിയുണ്ടാക്കിയാല്‍ അത് ചട്ടിണിയില്‍ മുക്കി കഴിക്കമായിരുന്നു!

കഥാനായിക കിയാര അദ്വാനിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. പാട്ടുകളിലൊക്കേ എന്തൊക്കേയോ ചെയ്തുവെച്ചിരിക്കുന്നു. എസ് ജെ സൂര്യയാണ് തമ്മില്‍ ഭേദം. പതിവുപോലെ അല്‍പ്പം എക്സെന്‍ട്രിക്കായ കഥാപാത്രം. പക്ഷേ ഷങ്കറിന്റെ രചനാ വൈകല്യം മൂലം അതും എവിടെ എത്തിയിട്ടില്ല. നടന്‍ സമുദ്രക്കനി പതിവുപോലെ ഉള്ളത് മോശമാക്കിയില്ല.

സൂപ്പര്‍ സ്റ്റാര്‍ ചിരംഞ്ജീവിയുടെ മകന്‍ കൂടിയായ രാം ചരണ്‍ തേജ എന്ന യൂത്ത് സൂപ്പര്‍സ്റ്റാര്‍ ഒന്നാന്തരം നടനാണെന്നതില്‍ സംശയമില്ല. പക്ഷേ അയാള്‍ക്ക് ഹോള്‍ഡ് ചെയ്യാന്‍ പറ്റുന്ന, റീസണബിള്‍ ആയ ഒരു കഥാപാത്രത്തെ കിട്ടണ്ടേ. തന്നെക്കൊണ്ട് ആവുന്ന രീതിയില്‍, മിന്നിക്കാന്‍ തേജ ശ്രമിച്ചിട്ടുണ്ട്. ഫ്ളാഷ് ബാക്കിലെ കിടിലന്‍ ലുക്കും, ഇടക്ക് വരുന്ന ഇരട്ടവേഷത്തിലുമൊക്കെ അയാള്‍ മാക്സിമം ചെയ്യാന്‍ നോക്കുന്നുണ്ട്. പക്ഷേ കഥയും തിരക്കഥയും സംവിധാനവും മലങ്കള്‍ട്ടായാല്‍ നടന് എന്ത് ചെയ്യാന്‍ പറ്റും.

പ്രഭുദേവയാണ് ചിത്രത്തിന്റെ ഡാന്‍സ് കോറിയോഗ്രാഫി. പക്ഷേ അതൊന്നും ഏശുന്നില്ല. കാതലന്‍, ജന്റില്‍മാന്‍ കാലത്തിലുള്ള പഴയ നമ്പറുകളാണ്, ഇപ്പോഴും പ്രഭുദേവയുടെ കൈയിലുള്ളത്. ഷങ്കറിനെപ്പോലെ തന്നെ പ്രഭുദേവയുടെ കാലവും കഴിഞ്ഞുവെന്ന് ചുരുക്കം. ഗംഭീര ഡാന്‍സറായിരുന്നിട്ടും, രാം ചരണ് തീയേറ്റര്‍ ത്രസിപ്പിക്കാന്‍ കഴിയുന്നില്ല. അതുപോലെ പെരും കത്തിയാണ് ചിത്രത്തിലെ ആക്ഷനും. അഞ്ജലി, നവീന്‍ ചന്ദ്ര, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

യാതൊരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു കഥവെച്ച്, എന്തൊക്കെയോ കാട്ടിക്കൂട്ടിയ ഷങ്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തകര്‍ച്ചയിലെ ഒന്നാം പ്രതി. ഷങ്കറിന്റെ ആദ്യ തെലുഗ് ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്റെ മുന്‍കാല ചിത്രങ്ങളെപ്പോലെ തന്നെ വലിയ ബജറ്റിലാണ് ഇതും എത്തിയിരുന്നത്. 400 കോടിയാണ് ചിത്രത്തിനായി പൊടിച്ചത്. അഞ്ച് ഗാനങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രം ഷങ്കര്‍ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ട് പടച്ചുവെച്ച പാട്ടുകള്‍ കണ്ടാല്‍ ചിരിച്ചുപോവും. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യകയും ചെയതു. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു ഇത്. പക്ഷേ എല്ലാം വെള്ളത്തിലായി.

ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വല്‍, ഇന്ത്യന്‍, ജീന്‍സ്, അന്യന്‍, ഐ, എന്തിരന്‍ തുടങ്ങി നിരവധി കിടിലന്‍ സിനിമകള്‍ സമ്മാനിച്ച ഷങ്കറിന്റെ, ഇന്ത്യന്‍ 2 കണ്ടിരിക്കാന്‍ പറ്റാത്ത അരോചകമായിരുന്നു. ഇത്രയധികം മോശം പ്രതികരണങ്ങള്‍ ലഭിച്ചിട്ടും അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഇന്ത്യന്‍ 3 ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നാണ് ഷങ്കര്‍ പറഞ്ഞത്. ഒരു ഫ്ളോപ്പായ സിനിമയുടെ മൂന്നാം ഭാഗമൊക്കെ എടുപ്പിച്ച്, നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കയാണ് ഷങ്കര്‍ ചെയ്യുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്തായാലും ഒരു ലജന്‍ഡിന്റെ പതനം എന്നേ ഗെയിംചേഞ്ചര്‍ കണ്ടാല്‍ ഷങ്കറിനെക്കുറിച്ച് എഴുതാന്‍ കഴിയൂ.

വാല്‍ക്കഷ്ണം: ഇത്രയും മോശം പടം എടുത്തുവെച്ചിട്ട് ആദ്യ ദിനം തന്നെ 186 കോടി നേടിയെന്ന വ്യാജ കണക്ക് പ്രചരിപ്പിച്ചും ചിത്രത്തിന്റെ അണിയറക്കാന്‍ തെലുഗ് ചലച്ചിത്രലോകത്തെ നാണക്കേടിലേക്ക് തള്ളിവിട്ടു. യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത്. പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറപ്രവര്‍ത്തകരുടെ വാശിയാണ് ഈ കള്ളക്കണക്കുകള്‍ക്ക് കാരണമെന്നാണ് അറിയുന്നത്.

Tags:    

Similar News