ലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍! ഇരട്ട ഇരുനൂറുകോടി ക്ലബുമായി ഗംഭീര തിരിച്ചുവരവ്; മമ്മൂട്ടിക്ക് മോശം സമയം; തിളങ്ങി നസ്ലനും, ആസിഫലിയും, പോത്തേട്ടനും; ഒരാഴ്ച പോലും തികയ്ക്കാന്‍ ആവാതെ 90 സിനിമകള്‍; നഷ്ടം അഞ്ഞൂറ് കോടിയോളം; മലയാള സിനിമയുടെ അര്‍ധവാര്‍ഷിക ബാലന്‍സ് ഷീറ്റ് ഇങ്ങനെ
ലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍!
''ലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍''....... മലയാള വാണിജ്യസിനിമയുടെ 2025-ലെ ഒരു അര്‍ധവര്‍ഷം കടന്നുപോവുമ്പോള്‍, എവിടെയും ഈ ഒരേ ഒരു ആര്‍പ്പുവിളിയാണ്. 125 സിനിമകളിലായി മിനിമം 1500 കോടിയെങ്കിലും ഇറങ്ങിയ ഒരു വിപണിയെ മൊത്തം തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് മോഹന്‍ലാല്‍ ആണ്. അയാളുടെ രണ്ടുസിനിമകളില്‍നിന്നായി വന്ന 500 കോടിയോളം രൂപ വരുന്ന ബിസിനസാണ്, ഈ ഠ വട്ടത്തിലുള്ള, മോളിവുഡിന്റെ നട്ടെല്ലായിരിക്കുന്നത്. 65കാരനായ ഈ വെറ്ററന്‍ സൂപ്പര്‍താരത്തെ ബോക്സോഫീസില്‍വെല്ലാന്‍ ഇവിടെ ഒരു യുവതാരത്തിനും ഇനിയും കഴിഞ്ഞിട്ടില്ല!
പക്ഷേ മൊത്തത്തിലുള്ള കണക്ക് നോക്കുമ്പോള്‍ ഇപ്പോഴും പുക മാത്രമാത്രമാണ് ബാക്കി. മലയാളത്തിന്റെ ഇന്‍ഡ്സട്രിയല്‍ ഹിറ്റായ എമ്പുരാന്റെപോലും യാഥാര്‍ത്ഥ പ്രൊഡക്ഷന്‍ കോസ്റ്റ് ഇനിയും അജ്ഞാതമാണ്. നിര്‍മ്മാതാക്കളുടെ സംഘടന, ഓരോ മാസവും പുറത്തുവിടുന്ന കണക്കുകള്‍ കേട്ടാല്‍ ഞെട്ടിപ്പോവുമായിരുന്നു. പത്തുപതിനഞ്ചും കോടി മുടക്കിയെടുത്തിട്ടും, അരലക്ഷം പോലും ഷെയര്‍ വരാത്ത പടങ്ങളാണ് ഭൂരിഭാഗവും. പക്ഷേ തീയേറ്റര്‍ ഷെയറില്‍ മാത്രമല്ല കാര്യമെന്നും, ഒടിടിയും സാറ്റലൈറ്റും ഓവര്‍സീസുമായുള്ള മൊത്തം ബിസിനസാണ് നോക്കേണ്ടതെന്നുമാണ് ഒരു പറ്റം നിര്‍മ്മാതാക്കള്‍ പറയുന്നുണ്ട്. ഇങ്ങനെയുള്ള വിമര്‍ശനങ്ങളൊക്കെയുള്ളതിനാലായിരിക്കണം, ഓരോരുമാസത്തെയും കണക്കുകള്‍ പുറത്തുവിടുന്ന പരിപാടിയില്‍നിന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്‍മാറിയിരിക്കയാണ്.
എങ്കിലും ട്രാക്കര്‍മാര്‍ വഴി മൊത്തത്തിലുള്ള കണക്ക്് നോക്കുമ്പോള്‍, എക്കാലത്തെയും പോലെ 500 കോടിയോളം രൂപയുടെ നഷ്ടത്തിലാണ്, 2025 ജനുവരി മുതല്‍ ജൂണ്‍വരെയുള്ള അര്‍ധവര്‍ഷവും അവസാനിച്ചത്. ആകെ ഇറങ്ങിയ 125 ചിത്രങ്ങളില്‍ വെറും 20ഓളം ചിത്രങ്ങള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. ബാക്കി 105 ചിത്രങ്ങളില്‍ 90 സിനിമകളും തീയേറ്ററില്‍ ഒരാഴ്ചപോലും തികച്ചിട്ടില്ല!
ഇവര്‍ ടോപ് ടെന്‍
മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024 എന്നായിരുന്നു, ബിസിനസ് ട്രാക്കര്‍മാര്‍ പറഞ്ഞിരുന്നത്. ( പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇതും അംഗീകരിച്ചിട്ടില്ല) ഇന്ത്യന്‍ സിനിമയ്ക്ക് മൊത്തത്തിലും നല്ല വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 2025 പിറന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ച ബോക്സ് ഓഫീസില്‍ സംഭവിക്കുമോ എന്നായിരുന്നു ചര്‍ച്ച. തമിഴ്, തെലുങ്ക് സിനിമാ മേഖലകളില്‍ മോശം അര്‍ധവര്‍ഷമായിരുന്നു ഇത്. എന്നാല്‍ മോളിവുഡിനെ സംബന്ധിച്ച് ബോക്സ് ഓഫീസിന് ആശ്വസിക്കാനുള്ള വക ഇപ്പോഴുമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം സംഭവിച്ചുകഴിഞ്ഞു!
2025 ആദ്യ പകുതിയിലെ ടോപ്പ് 10 ലിസ്റ്റില്‍ രണ്ട് ചിത്രങ്ങളുമായി മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മമ്മൂട്ടി, ദിലീപ്, ടൊവിനോ തോമസ്, നസ്ലെന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ബേസില്‍ ജോസഫ് എന്നിവരൊക്കെയുണ്ട്. നായക നിരയിലെ പുതിയ കണ്ടെത്തലായി മാറിയേക്കാവുന്ന സന്ദീപ് പ്രദീപും ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
അര്‍ധവര്‍ഷത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ 10 മലയാള സിനിമകള്‍
ഇവയാണ്
1. എമ്പുരാന്‍- 266.81 കോടി
2. തുടരും- 235.38 കോടി
3. ആലപ്പുഴ ജിംഖാന- 70.6 കോടി
4. രേഖാചിത്രം- 56.75 കോടി
5. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 54.01 കോടി
6. നരിവേട്ട- 29.27 കോടി
7. ബസൂക്ക- 27.02 കോടി
8. പ്രിന്‍ഡ് ആന്‍ഡ് ഫാമിലി- 26.31 കോടി
9. മരണമാസ്- 18.96 കോടി
10. പടക്കളം- 18.77 കോടി
(വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ ലിസ്റ്റ്. ഇത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഔദ്യോഗിക കണക്കല്ല)
റോന്ത്, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ ചിത്രങ്ങള്‍ ഇപ്പോഴും തീയേറ്റുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. രണ്ടും കലാമുല്യവും ജനപ്രീതിയുമുള്ള ചിത്രങ്ങളാണ്. അതുപോലെ ബേസില്‍ ജോസഫ് നായകനായ, പൊന്‍മാനും, മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രമാണ്. കുറഞ്ഞ മുടക്കുമുതലും, ഒടിടിയും സാറ്റലൈറ്റ് റെറ്റുമൊക്കെ കൂട്ടുമ്പോള്‍ മമ്മൂട്ടിയുടെഡൊമനിക്ക് ആന്‍ഡ് ലേഡീസ് പഴ്സ്, ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍, നാരായണിന്റെ ആണ്‍മക്കള്‍, മൂണ്‍വാക്ക് തുടങ്ങിയവ അടക്കമുള്ള ചിത്രങ്ങളും മുടുക്കുമുതല്‍ തിരിച്ചുപിടിച്ചതായി കരുതാം. ബാക്കിയുള്ള നൂറോളം ചിത്രങ്ങളുടെ കാര്യം ശരിക്കും കട്ടപ്പൊകയാണ്.
വിവാദങ്ങളിലൂടെ ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്
മോഹന്‍ലാലിനെ സംബന്ധിച്ച് ബോക്സോഫീസിലെ ഏറ്റവും മോശം സമയത്തിലുടെ കടന്നുപോയ കാലമായിരുന്നു 2024. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍, വന്‍ പ്രതീക്ഷയോടെ വന്ന മലൈക്കോട്ടെ വാലിബന്‍ മലങ്കള്‍ട്ടായിപ്പോയതും, സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്ത ബറോസ് വലിയ ഫ്ളോപ്പായതും അദ്ദേഹത്തിനുനേരെ കട്ടഫാന്‍സിന്റെ പോലും രോഷമുയര്‍ത്തി. എന്നാല്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്ത് എഴുനേറ്റ് 2025-ലെ തിരമലയാള വിപണിയെ ലാല്‍ ഉണര്‍ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
എമ്പുരാന്‍ എന്ന പ്രൃഥിരാജ് സംവിധാനം ചെയ്ത ചിത്രം 266 കോടി നേടിക്കൊണ്ട് മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറി.
പക്ഷേ അത് ചിത്രത്തിന്റെ മികവ് കൊണ്ടായിരുന്നില്ല. സംഘപരിവാര്‍ ബഹിഷ്‌ക്കരണവും, സെന്‍സറിങ്ങും അടക്കമുള്ള വിവാദ കോലാഹലങ്ങള്‍ ചിത്രത്തിന് തുണയായി. കലാപരമായി നോക്കുമ്പോള്‍ ആവറേജ് സിനിമ മാത്രമാണിത്. ലൂസിഫറിനെപ്പോലെ ആരാധകരുടെ രോമം എഴുനേറ്റ് നില്‍ക്കുന്ന രംഗങ്ങള്‍ ഒന്നുമില്ല. ആദ്യത്തെ അമ്പത് മിനുട്ടിനുശേഷം ചിത്രത്തിലേക്ക് വരുന്ന ലാലേട്ടന്റെ ഒന്ന് രണ്ട് സ്ലോമോഷന്‍ സീനുകളില്‍ മാത്രമാണ്, തീയേറ്ററില്‍ ഹര്‍ഷാരവം ഉയരുന്നത്.
ഖുറൈഷി കോട്ടുമിട്ട്, നീളയും വിലങ്ങനെയും സാഗര്‍ ഏലിയാസ് ജാക്കി മോഡലില്‍ നടക്കുന്നു, തോക്കെടുക്കുന്നു എന്നല്ലാതെ, ഒരു മാസ് അഡ്രിനാലില്‍ ബോംബിങ്ങിന് ഈ കഥാപാത്രത്തിന് കഴിയുന്നില്ല. രാവിലെ നാലുമണിക്കുതന്നെ തീയേറ്ററില്‍ ഓടിക്കൂടിയെത്തിവര്‍ പടം കഴിഞ്ഞതോടെ നിരാശരായിപ്പോവുന്നതും അതുകൊണ്ടുതന്നെ. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളാണ് വന്നത്. അതോടെ ചിത്രം വീണുവെന്ന് കരുതിയതാണ്. പക്ഷേ പിന്നീട് ഗുജറാത്ത് കലാപത്തിന്റെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ നടത്തിയ ബഹിഷ്‌ക്കരണ കാമ്പയിന്‍ ചിത്രത്തിന് വല്ലാതെ ഗുണം ചെയ്തു.
യുകെയിലും കാനഡിയിയും, ഗള്‍ഫിലുമൊക്കെയായി ചിത്രത്തിന് വലിയ കളക്ഷന്‍ വന്നു. മലയാള സിനിമയുടെ വിപണി വലുതായി എന്ന് എമ്പുരാന്‍ കൃത്യമായി കാണിച്ചുതന്നു. ഇന്ത്യക്ക് പുറത്തുനിന്ന് നൂറുകോടി നേടുന്ന ആദ്യ ചിത്രമായി ഇത് മാറി. അതുപോലെ ടിക്കറ്റ് വില്‍പ്പനയില്‍ അടക്കം ചിത്രം ഗ്ലോബല്‍ ട്രെന്‍ഡിങ്ങില്‍ വന്നു. പക്ഷേ ഇപ്പോഴും എമ്പുരാന്‍ ലാഭമാണോ നഷടമാണോ എന്ന് തീര്‍ത്തും പറയാന്‍ ആവുന്നില്ല. കാരണം 200 കോടിക്കുമുകളിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് എന്നാണ് പറയുന്നത്. എന്തായാലും മലയാള സിനിമയുടെ വിപണി ഈ ചിത്രം വികസിപ്പിച്ചുവെന്ന് നിസ്സംശയം പറയാം.
മാന്‍ ഓഫ് ദി സീരിസ് തരുണ്‍മൂര്‍ത്തി
പക്ഷേ യഥാര്‍ത്ഥ ലാലിസം ഇനി വരാന്‍ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അതായിരുന്നു യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ തുടരും! മോഹന്‍ലാല്‍- ശോഭന കോമ്പോയുടെ വിന്റേജ് നൊസ്റ്റു ഉണര്‍ത്തിയ ചിത്രം, 235 കോടി നേടി തരംഗമായി. ഈ രണ്ടു ലാല്‍ ചിത്രങ്ങളുടെ ലാഭം കൊണ്ട് മാത്രമാണ് കടങ്ങള്‍ വീട്ടിയതെന്ന് പരസ്യമായി പറഞ്ഞ തീയേറ്റര്‍ ഉടമകള്‍ എത്രയോ ഉണ്ട്. ഒരു വിവാദത്തിന്റെയും മേമ്പൊടിയില്ലാതെയാണ് ചിത്രം തീയേറ്ററുകള്‍ നിറച്ചത്.
ഏറെക്കാലത്തിനുശേഷം 'നടന വിസ്മയത്തിന്റെ' ഫുള്‍പാക്ക്ഡ് ചിത്രം കണ്ട് പ്രേക്ഷകര്‍ ആറാടുകയായിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ, യുവ സംവിധായകന്‍ തരുണ്‍മൂര്‍ത്തി ഒരുക്കിയ ചിത്രം, നടന്‍ എന്ന നിലയിലും ലാലേട്ടന്റെ തിരിച്ചുവരവായിരുന്നു. വിവാദത്തിന്റെ ചുവടുപിടിച്ച്, എമ്പുരാന്‍ 250 കോടി ക്ലബില്‍ കയറിയെങ്കിലും, അതിലെ കോട്ടിട്ട എബ്രം ഖുറൈശിയായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തിലൊക്കെ, പഴയ പ്രതാപത്തിന്റെ നിഴലാട്ടം മാത്രമായിരുന്നു. പക്ഷേ ഇവിടെ ലാലേട്ടന്‍ ഫയറായി.
മോഹന്‍ലാലിനെ സംബന്ധിച്ച് പറയുമ്പോള്‍, അദ്ദേഹം അവതരിപ്പിക്കാത്തതായി ഒരു റോളും ബാക്കി കാണില്ല. പക്ഷേ ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ചില സാധനങ്ങള്‍ തന്റെ കൈയിലുണ്ട് എന്ന് അദ്ദേഹം തുടരുമിലുടെ തെളിയിച്ചു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രശ്‌നം നല്ല കഥയില്ലാത്തതും, സ്റ്റഫുള്ള സംവിധായകര്‍ ഇല്ലാത്തതുമാണ്. ലോഹിതാദാസും, എംടിയും, പത്മരാജനും, ഭരതനും, സിബിമലയിലും, കമലുമൊക്കെ മോഹല്‍ലാലിനെവെച്ച് ചെയ്ത വെറൈറ്റി സാധനങ്ങള്‍ ഓര്‍മ്മയില്ലേ. അതുപോലുള്ള സബ്ജറ്റുകള്‍ കൊടുക്കാന്‍ പുതിയ ടീമിന് കഴിയാത്തതായിരുന്നു ലാലേട്ടന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ അത് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കയാണ്. തരുണ്‍മൂര്‍ത്തി, ലോഹിതദാസ് സ്റ്റെലില്‍ കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയുന്ന പ്രതിഭയാണ്. വിന്റേജ് ലാലേട്ടന്‍ മോഡലില്‍ നിന്നും ഇമോഷണല്‍ പീക്കിലേക്കും, അവിടെനിന്ന് അഡ്രിനാലിന്‍ റഷിലേക്കുാെമക്കെ കൊണ്ടുപോവാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചിത്രം അവസാനിക്കുമ്പോള്‍ എഴുതിക്കാട്ടുന്നത്, 'മോഹന്‍ലാല്‍ തുടരും' എന്നാണ്. അത് കാണിക്കുമ്പോള്‍ തീയേറ്ററില്‍ ഉയരുന്ന വമ്പന്‍ കൈയിടകള്‍ ഒരു വികാരം തന്നെയായിരുന്നു.
അതുപോലെ നായകന് കട്ടക്ക് കട്ട നില്‍ക്കുന്ന വില്ലനായ പൊലീസുകാരനായ പ്രകാശ് വര്‍മ്മയും ഞെട്ടിച്ചിരുന്നു. ചുരുങ്ങിയ ബജറ്റിനുള്ളില്‍ എടുത്തുവെച്ച ഒരു സിനിമയിലെ വിഷ്വലുകള്‍ കണ്ടാല്‍ അമ്പരന്നുപോവും. കാടിന്റെ ചില ദൃശ്യങ്ങളില്‍, ഒരു ഉരുള്‍പൊട്ടലിന്റെ ചിത്രീകരണത്തില്‍, ഏരിയല്‍ കട്ട് ഷോട്ടുകളില്‍, ബാക്ക് ഗ്രൗണ്ട് സ്‌കോറില്‍ ഒക്കെ ചിത്രം പൊളപ്പാനാണ്. ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്റും കോടികളുടെ ബജറ്റുമെന്നും വേണ്ട, നല്ല കഥയും മേക്കിങ്ങും മതിയെന്ന് ഈ ചിത്രം തെളിയിച്ചു. ഈ അര്‍ധ സിനിമാ വര്‍ഷത്തിലെ മാന്‍ ഓഫ് ദി സീരീസ് എന്നു പറയുന്നത്, ഡയറക്ടര്‍ തരുണ്‍ മൂര്‍ത്തിയാണ്.
നസ്ലനും, ആസിഫലിയും, പോത്തേട്ടനും
50 കോടി ക്ലബില്‍ കയറിയ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. ഖാലിദ് ഉസ്മാന്‍ ഡയറക്ട് ചെയ്ത് നസ്ലന്‍, നായകനായ ആലപ്പുഴ ജിംഖാനയെന്ന കൊച്ചു ചിത്രം വാരിയാത് 70.6 കോടി രൂപയാണ്. നസ്ലന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന വെറും 24 വയസ്സ് പ്രായമുള്ള പയ്യനാണ് ഇപ്പോള്‍, കേരളത്തിന്റെ ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍. ഫ്ളോപ്പുകളില്‍നിന്ന് മോചിതനായി കത്തിക്കയറിവരുന്ന നടനാണ് ആസിഫ് അലി. ആസിഫ് നായകനായ രേഖാചിത്രമായിരുന്നു 2025-ലെ ആദ്യഹിറ്റ്. നേരത്തെ കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെയുംപോലെ ഒന്നാന്തരം അഭിനയമാണ്, ഇവിടെയും ആസിഫ് പുറത്തെടുത്തത്. സുക്ഷിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍, മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആവേണ്ട നടനാണ് ആസിഫ് എന്ന് നിസ്സംശയം പറയാം.
അതുപോലെ എടുത്തു പറയേണ്ട ഒരു പേരാണ് 'പടക്കള'ത്തിലെ നായകനായ സന്ദീപ് പ്രദീപ്. ഈ പയ്യനും ഭാവിയുള്ള നായകനാണ്. ആലപ്പുഴ ജിംഖാനയിലും ഗംഭീര പ്രതികരണമായിരുന്നു സന്ദീപ് പ്രദീപിന്റെത്. മരണമാസിലും, വ്യസനസമേതം ബന്ധുമിത്രാദികളിലും വേഷമിട്ട, രോമാഞ്ചം ഫെയിം സിജു സണ്ണിയും പൊളിയാണ്. ഈ ചിത്രത്തില്‍ നടന്‍ അസീസ്, സുരാജിന്റെയും സൗബിന്‍ ഷാഹിറിന്റെയുമൊക്കെ റേഞ്ചില്‍ വരുന്ന ഒന്നാന്തരം ക്യാരക്ടര്‍ റോളാണ് ചെയ്തിരിക്കുന്നത്. കുഞ്ചാക്കോബോബന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' 54.01 കോടി നേടി. കുഞ്ചാക്കോ ബോബന്റെ വേഷം ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം കണ്ട ഏറ്റവും നല്ല നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ഷാഫി കബീറിന്റെ റോന്ത് എന്ന ചിത്രത്തിലെ നായകനായ, ദിലീഷ് പോത്തന്‍ തന്നെയാണ്. ന്യൂജന്‍ ലോഹിതദാസ് എന്ന വിശേഷണത്തിന് ഏറെക്കുറെ അര്‍ഹനായ ഒരു ചലച്ചിത്രകാരനാണ് ഷാഫി കബീര്‍. ജോസഫ്, നായാട്ട്, എന്നീ ഇദ്ദേഹമെഴുതിയ രണ്ടു ചിത്രങ്ങള്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യം പരിഹരിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിദേശസിനിമകളോട് കിടപിടക്കുന്ന, രീതിലുള്ള സീനുകളുള്ള 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിലുടെ ഷാഫി കബീര്‍ സംവിധാനത്തിലേക്കും കടന്നു. രണ്ടാമത് സംവിധാനം ചെയ്ത ചിത്രവും ഷാഫിയുടെ പേര് കാത്തു. മുന്‍ സിവില്‍പൊലീസ് ഓഫീസര്‍ കൂടിയായ ഷാഫിക്ക്, ആ ജീവിതാനുഭങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരക്കണം, ഒട്ടും അതിഭാവുകത്വമില്ലാതെയാണ്, ചിത്രം ഒരുക്കിയിരിക്കുന്നത്.
ദിലീഷ് പോത്തന്‍ എന്ന മലയാള സിനിമയുടെ ഭാവുകത്വം തിരുത്തിയ ന്യൂജെന്‍ സംവിധായകന്റെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള സിനിമകൂടിയാണിത്. 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' എന്ന് ആരാധകര്‍ പറയുന്ന സംവിധാനത്തിലെ മികവ് ശരിക്കും ദിലീഷിന്റെ അഭിനയത്തിലും വരുന്നുണ്ട്്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് കേരളത്തിന്റെ എന്‍ട്രിയാണ്, ദിലീഷിന്റെ റോന്തിലെ യോഹന്നാന്‍ എന്ന് നിസ്സംശയം പറയാം. ഒരല്‍പ്പം പിടിവിട്ടാല്‍ കൈയില്‍ നിന്ന് പോകാവുന്ന കഥാപാത്രത്തെ അത്യപാരമായ കൈയൊതുക്കത്തോടെ ദിലീഷ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം അടയാളപ്പെടുത്തുന്ന കാലമായിരിക്കും ഇനി വരാന്‍ പോവുന്നത്.
മമ്മൂട്ടിക്കും മോശം സമയം
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും മോശം സമയമാണ് ഇത്. ഗൗതം മേനോനെപ്പോലെ അതിഗംഭീരമായ സിനിമയെടുത്ത, ഒരു ഡയറക്ടര്‍ 'ഡൊമനിക്ക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' എന്ന ഒരു ചിത്രം മമ്മൂട്ടിയെവെച്ച് എടുക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ ആവറേജിന് അപ്പുറം ചിത്രം ഒന്നുമായില്ല. അതുപോലെ ഏറെ കൊട്ടിഘോഷിച്ചു വന്ന ബസൂക്കയും. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ് കഥയെഴൂതി സംവിധാനം ചെയ്ത ചിത്രവും ബോക്സോഫീസ് ഹിറ്റായില്ല. കട്ട മമ്മൂട്ടി ഫാന്‍സിന് മാത്രമാണ് ചിത്രം പിടിച്ചത്. എന്നാലും ഇനീഷ്യല്‍ കളക്ഷന്റെ ബലത്തില്‍ ഫ്ളോപ്പാവാതെ ചിത്രം പിടിച്ചുനിന്നു. അതിനിടെ മമ്മൂട്ടി അസുഖ ബാധിതനായി ഒരു ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോള്‍ മമ്മൂട്ടി വീണ്ടും സജീവമാവുന്ന എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സയനൈഡ് മോഹന്‍ എന്ന കുപ്രസിദ്ധനായ കുറ്റവാളിയുടെ കഥപറയുന്ന, കളങ്കാവല്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റര്‍ ഞെട്ടിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായശേഷം, തീര്‍ത്തും അടപ്പുതെറിച്ച രീതിയിലുള്ള അവസ്ഥയിലുള്ള നടന്‍ ദിലീപ് തിരിച്ചുവരവിന് ശ്രമിച്ചതും ഈ അര്‍ധവര്‍ഷത്തിലായിരുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചെങ്കിലും ഹിറ്റായില്ല. അതുകൊണ്ടുതന്നെ ദിലീപ് തിരിച്ചുവന്നുവെന്നും ഇനിയും പറയാനും കഴിയില്ല. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ്് ഫാസില്‍, നിവിന്‍പോളി തുടങ്ങിയ താരങ്ങള്‍ക്കൊന്നും ഈ അര്‍ധവര്‍ഷം പടമില്ലായിരുന്നു. അതുപോലെ പോയ വര്‍ഷത്തെ താരമായ ബേസില്‍ ജോസഫിനും 2025 ആദ്യ പകുതി അത്ര നല്ലതല്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്നു, 'പ്രാവിന്‍കൂട് ഷാപ്പ്' ബോക്സോഫീസില്‍ വീണു. നല്ല ചിത്രമെന്ന് പേരെടുത്തിട്ടും ആവറേജിന്‍ ഒതുങ്ങാനായിരുന്നു, പൊന്‍മാന്റെ വിധി. മരണമാസ് എന്ന ബേസില്‍ ചിത്രവും ലാഭമായിരുന്നെങ്കിലും ഹിറ്റായില്ല. ഇപ്പോഴും ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യപ്പെടുന്നതും ബേസിലിന്റെ പേരിലാണ്.
അതുപോലെ ആഴ്ചക്കാഴ്ചക്ക് പടം ഇറങ്ങുകയും അത് പൊട്ടുകയും ചെയ്യുന്ന പതിവ്, ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോഴും തുടരുകയാണ്. ആവറേജ് കളക്ഷന്‍ നേടിയ ഡിറ്റക്്റ്റീവ് ഉജ്ജ്വലന്‍ മാത്രമാണ് ആശ്വാസമായത്. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചവറുപോലെ സിനിമ ചെയ്യുന്ന രീതി ധ്യാന്‍ ഇനിയെങ്കിലും മാറ്റിപ്പിടിക്കണം. ടൊവീനോ തോമസിനും മുന്‍കാലങ്ങളെപ്പോലെ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ടൊവീനോയുടെ ഐഡന്റിറ്റിയും, നരിവേട്ടയും ആവറേജില്‍ ഒതുങ്ങുകയാണ് ചെയ്തത്. പ്രതീക്ഷയുണ്ടായിരുന്ന പല പടങ്ങള്‍ക്കു വലിയ കളക്ഷന്‍ കിട്ടാതെപോയി. ബ്രോമന്‍സ്, ദാവീദ് തുടങ്ങിയവ ചിത്രങ്ങള്‍ ഉദാഹരണം. നടികളില്‍ ശോഭനയുടെ തിരിച്ചുവരവാണ്, മാധ്യമങ്ങള്‍ ആഘോഷിച്ചത്. രേഖാചിത്രം, വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്നീ ചിത്രങ്ങളിലെ അനശ്വര രാജന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വാല്‍ക്കഷ്ണം: ബാക്കിയുള്ള നുറോളം ചിത്രങ്ങളുണ്ട്. എന്തിനോവേണ്ടി തിളക്കുന്ന സാമ്പറുകളായി മാറിയവര്‍. ഇതില്‍ 90 എണ്ണവും തീയേറ്ററില്‍ ഒരാഴ്ച പിടിച്ചുനിന്നിട്ടില്ല. അത്രയും ദിവസം നിന്നതുതന്നെ, ഒരാഴ്ച തീയേറ്ററില്‍ ഓടിയാല്‍ ഒടിടിയില്‍ എടുക്കുമെന്ന് വിശ്വസിച്ച് നിര്‍മ്മാതാക്കള്‍ തന്നെ സൗജന്യമായി ടിക്കറ്റ് നല്‍കി ആളുകളെ കയറ്റുന്നതുകൊണ്ടാണ്!